ചാറ്റ്ജിപിടിയെ നേരിടാന്‍ പുതിയ എഐ മോഡല്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ച്ചോടെ പുതിയ എഐ മോഡല്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഹനൂമാന്‍ എന്ന പേരിലാണ് പുതിയ എഐ മോഡല്‍ മാര്‍ച്ചില്‍ അവതരിപ്പിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഇന്ത്യയിലെ തന്നെ മറ്റ് എട്ട് മുന്‍നിര സര്‍വകലാശാലകളുടെയും പിന്തുണയുള്ള 'ഭാരത് ജിപിടി' എന്ന കണ്‍സോര്‍ഷ്യമാണ് ഈ എഐ മോഡലിന് പിന്നിലുള്ളത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ടെക്ക് കോണ്‍ഫറന്‍സില്‍ എഐ മോഡല്‍ അവതരിപ്പിച്ചെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
22 ഇന്ത്യന്‍ ഭാഷകളിലായി പരിശീലിപ്പിച്ചെടുത്ത ഇന്‍ഡിക് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ പരമ്പരയാണ് ഹനൂമാന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന എഐ. ഐഐടി മുംബൈയുടെ നേതൃത്വത്വത്തിലുള്ള ഭാരത് ജിപിടിയുമായി സഹകരിച്ച് സീതാ മഹാലക്ഷ്മി ഹെല്‍ത്ത് കെയര്‍ ആണ് ഇത് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. മാര്‍ച്ചിലാകും ഇത് ഔദ്യോഗികമായി പുറത്തിറക്കുക എന്നാണ് സൂചന. ഓപ്പണ്‍ സോഴ്സ് ആയാണ് ഇത് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ടെക്സ്റ്റ് ടു ടെക്സ്റ്റ്, ടെക്സ്റ്റ് ടു സ്പീച്ച്, ടെക്സ്റ്റ് ടു വീഡിയോ തുടങ്ങിയവയൊക്കെ നിരവധി ഭാഷകളില്‍ ചെയ്യാന്‍ ഹനൂമാന്‍ എന്ന എഐ മോഡലിന് ചെയ്യാനാകും. ഇതിന്റെ ഒരു വീഡിയോയും കോണ്‍ഫറന്‍സില്‍ പങ്കുവെച്ചിരുന്നുവെന്നാണ് സൂചന. പദ്ധതി വിജയിച്ചാല്‍ എഐ രംഗത്ത് ഇന്ത്യ നടത്തുന്ന വന്‍ മുന്നേറ്റമായി ഇത് മാറും. ആരോഗ്യം, സര്‍ക്കാര്‍ സേവനങ്ങള്‍, ധനകാര്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് എഐ മോഡല്‍ ഉപയോഗപ്പെടുത്താനാണ് ഭാരത് ജിപിടിയുടെ പദ്ധതി. 11 ഭാഷകളിലായി ഇത് ലഭ്യമാക്കാനും പദ്ധതിയുണ്ട്. രാജ്യത്തെ പല ഐഐടികളും, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
No comments
Post a Comment