ബാഴ്‌സലോണ: ലാ ലീഗയില്‍ മൂന്നാം സ്ഥാനത്താണ് എഫ്‌സി ബാഴ്‌സലോണ. കോപ്പ ഡെല്‍ റേയില്‍ പുറത്തായി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാത്രമാണ് സീസണില്‍ ബാഴ്‌സലോണയ്ക്ക് പ്രതീക്ഷയുള്ളത്. ചാംപ്യന്‍സ് ലീഗ് നോക്കൌട്ടില്‍ ബാഴ്‌സയെ കാത്തിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയും. മികച്ച താരങ്ങളുണ്ടായിട്ടും കനത്ത തിരിച്ചടി നേരിട്ടതോടെ കോച്ച് സാവി ഹെര്‍ണാണ്ടസ് രാജി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സീസണ്‍ അവസാനത്തോടെയാണ് സാവി പടിയിറങ്ങുക.
ഈ സീസണോടെ സ്ഥാനം ഒഴിയുന്ന കോച്ച് സാവിക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് എഫ്‌സി ബാഴ്‌സോലണ. ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. സ്ഥാനമൊഴിയുന്ന സാവിക്ക് പകരം ബാഴ്‌സലോണയുടെ മുന്‍താരം റാഫേല്‍ മാര്‍ക്വേസ് പുതിയ കോച്ചാവുമെന്നാണ് ലപ്പോര്‍ട്ട നല്‍കുന്ന സൂചന. മറ്റ് പരിശീലകരെക്കൂടി പരിഗണിച്ച് ക്ലബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായ ഡെക്കോയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ലപ്പോര്‍ട്ട.
ക്ലബിന്റെ മുന്‍താരങ്ങളെ പരിശീലകരാക്കുന്നതാണ് ബാഴ്‌സലോണയുടെ രീതി. പെപ് ഗ്വാര്‍ഡിയോളയും ലൂയിസ് എന്റികെയും റൊണാള്‍ഡ് കൂമാനും സാവിയുമെല്ലാം ഈ വഴിയിലൂടെ വന്നവരാണ്. മെക്‌സിക്കന്‍ താരമായിരുന്ന മാര്‍ക്വേസ് നിലവില്‍ ബാഴ്‌സലോണ യൂത്ത് ടീമിന്റെ പരിശീലകനാണ്. ബാഴ്‌സലോണയുടെ മുന്‍താരവും ഇറ്റാലിയന്‍ ക്ലബ് ബൊളോഗ്‌നയുടെ കോച്ചുമായ തിയാഗോ മോട്ട, ലാ ലിഗയില്‍ ഇത്തവണ സ്വപ്നക്കുതിപ്പ് നടത്തുന്ന ജിറോണയുടെ മൈക്കേല്‍ എന്നിവരാണ് ബാഴ്‌സയുടെ പരിഗണനയിലുള്ള മറ്റ് പരിശീലകര്‍.
നിലവില്‍ ടീമിനൊപ്പം ലോണില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് താരങ്ങളായ യാവോ ഫെലിക്സ്, യാവോ കാന്‍സലോ എന്നിവരെ സ്ഥിരം കരാറില്‍ സ്വന്തമാക്കുമെന്നും ലപ്പോര്‍ട്ട വ്യക്തമാക്കി. സാവിയുടെ ഒഴിവിലേക്ക് സ്ഥാനമൊഴിയുന്ന ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനെ കൊണ്ടുവരാനുള്ള ശ്രമം ബാഴ്‌സലോണ നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ഒരു വര്‍ഷത്തെ വിശ്രമമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബാഴ്സലോണയുടെ പരിശീലക പദവി ഏറ്റെടുക്കാന്‍ മികേല്‍ അര്‍ട്ടേറ്റ ഈ സീസണ്‍ അവസാനം ആഴ്സണല്‍ വിടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
No comments
Post a Comment