പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിൻ്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പള വർധനവ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.
ബാങ്കിങ് മേഖലയിലെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു. പ്രവൃത്തി ദിനം ചുരുക്കുന്നത് ഉപയോക്താക്കളുടെ ബാങ്കിങ് സമയത്തെയോ, ജീവനക്കാരുടെയും ഓഫീസർമാരുടെയും ആകെ തൊഴിൽ മണിക്കുറുകളെയോ ബാധിക്കില്ലെന്നും ജീവനക്കാരുടെ യൂണിയൻ അറിയിച്ചു.
വിഷയം ധനമന്ത്രി അനുഭാവപൂർവം പരിഗണിക്കണമെന്നും അനുകൂലമായ നടപടി കൈക്കൊള്ളണമെന്നും ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്(ഐബിഎ) നിർദേശം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
No comments
Post a Comment