ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി സാനിയാ മിര്‍സ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പിതാവ് ഇമ്രാന്‍ മിര്‍സ. സാനിയ മിര്‍സയുമായി ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടാണോ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുൽഅ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും ഇമ്രാന്‍ മിര്‍സ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
ഷൊയ്ബ് മാലിക് മൂന്നാം തവണയും വിവാഹിതനായ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ ഷൊയ്ബും സാനിയയും ഔദ്യോഗികമായി വേര്‍പിരിഞ്ഞിരുന്നോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇമ്രാന്‍ മിര്‍സയുടെ പ്രതികരണത്തോടെ സാനിയയും ഷൊയ്ബും ഔദ്യോഗികമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കും സ്ഥിരീകരണമായിരിക്കുകയാണ്.
ഇന്നലെ ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക് വീണ്ടും വിവാഹം കഴിച്ചത്. മാലിക്കിന്‍റെ മൂന്നാം വിവാഹവും. സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2020ല്‍ പാക് ഗായകന്‍ ഉമൈര്‍ ജസ്‌വാളിനെ സന വിവാഹം കഴിച്ചിരുന്നു. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.
2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകൻ ഇഹ്സാന്‍റെ ജന്മദിനം ആഘോഷിക്കാനായി ഒരുമിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു ആരാധകര്‍ കരുതിയത്.
എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയും വിവാഹ ജീവിതത്തെക്കുറിച്ചായിരുന്നു.
No comments
Post a Comment