ന്യൂയോര്‍ക്ക്: ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കമ്പനി ബോര്‍ഡ് തീരുമാനം. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി അറിയിച്ചു.
ഓപ്പണ്‍എഐയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു. അല്‍ബേനിയക്കാരിയായ മിറ ഉടന്‍ തന്നെ ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കും.
അതേസമയം, പുറത്താക്കലില്‍ പ്രതികരിച്ച് സാം രംഗത്തെത്തി. ചാറ്റ്ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും സമൂഹത്തില്‍ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും അക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമാണ് സാം പ്രതികരിച്ചത്. ഓപ്പണ്‍എഐയുടെ ഏറ്റവും വലിയ പങ്കാളികളായ മൈക്രോസോഫ്റ്റും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐയുമായുള്ള സഹകരണം ശക്തമായി തുടരും എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല്ല എക്‌സില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെന്‍സേഷനായി മാറിയ സാം ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു. ടെക് ലോകത്ത് പെട്ടെന്ന് തന്നെ ഒരു എഐ ബൂം ആണ് ഇദ്ദേഹം സഹസ്ഥാപകനായ ചാറ്റ്ജിപിടി തുടക്കമിട്ടത്. അവതരിപ്പിച്ച് ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് വന്‍ തരംഗമായി മാറിയെങ്കിലും, മാസങ്ങള്‍ക്ക് ശേഷം തകര്‍ച്ചയായിരുന്നു ചാറ്റ്ജിപിടിക്ക്. ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം വൻകുറവാണ് നേരിടേണ്ടി വന്നത്.
No comments
Post a Comment