BREAKING NEWS
latest

728x90

header-ad

468x60

header-ad

ഷമീ ഭായ് നിങ്ങളത് ചെയ്‌താൽ വേറെ ലെവലാവും'; സഞ്ജുവിന്റെ ഉപദേശം കേട്ട ഷമി വൈറലായി

ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുനയായിരുന്നു മുഹമ്മദ് ഷമി. ടീമിൽ ഇല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് സഞ്ജു സാംസണും. ഇരുവരും അഞ്ച് വർഷങ്ങൾക്ക് മുൻപ് പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്യാം പുഷ്ക്കരൻ എഴുതി മധു സി നീലകണ്ഠൻ സംവിധാനം ചെയ്‌ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം ക്ലൈമാക്‌സിൽ ഒരു ഡയലോഗ് പറയുന്നുണ്ട് 'ഷമ്മി ഹീറോ ആടാ ഹീറോ'.



ഇത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ പിന്നിലെ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു സാംസൺ ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമെ ഇൻസ്‌റ്റ റീൽസിലെ മറ്റൊരു താരമായ യൂസ്‌വേന്ദ്ര ചാഹലിനെ കുറിച്ചും താരം മനസ് തുറന്നു.

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയ ഷമിയെ പുകഴ്‌ത്താൻ വീണ്ടും ഈ വീഡിയോ ആരാധകർ തപ്പിയെടുത്തതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് നിറഞ്ഞു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ എടുത്തതിന് പിന്നിലെ വിശേഷങ്ങൾ സഞ്ജു പങ്കുവച്ചത്.

കുമ്പളങ്ങി നൈറ്റ്സ് തനിക്കേറെ പ്രിയപ്പെട്ട ചിത്രമാണെന്ന് സഞ്ജു പറയുന്നു. 'ന്യൂസിലൻഡിൽ വച്ചാണ് ഈ വീഡിയോ എടുത്തത്. മത്സരം ടൈ ആവുകയും സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്‌തു. അന്ന് മത്സരം ജയിപ്പിച്ചത് ഷമിയായിരുന്നു. കുമ്പളങ്ങിയിൽ ഏറ്റവും ഇഷ്‌ടകഥാപാത്രം ഫഹദ് ഭായ് ചെയ്‌ത ഷമ്മി ആയിരുന്നു. ഇതോടെ ചിത്രത്തിലെ പ്രധാന ഡയലോഗ് ഷമി ഭായിയെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ഇത് ചെയ്‌താൽ ചേട്ടൻ വേറെ ലെവലാവും എന്നൊക്കെ പറഞ്ഞാണ് ചെയ്യിച്ചത്.' സഞ്ജു പറഞ്ഞു. മലയാള സിനിമയെ പറ്റി ഇന്ത്യൻ ടീമിലെ എല്ലാവരും പറയാറുണ്ട്. അത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. ചാഹലിന് സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ചാൻസ് ഉണ്ടെങ്കിൽ അഭിനയിക്കാൻ വിളിക്കണമെന്ന് ചഹൽ പറയാറുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി.

അതേസമയം, ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിന് ഇടം കിട്ടിയിരുന്നില്ല. നേരത്തെ മികച്ച റെക്കോർഡ് ഉണ്ടായിട്ടും, ഏകദിന ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവിനെയാണ് ടീമിലെടുത്തത്. എന്നാൽ ഫൈനലിൽ ഉൾപ്പെടെ മോശം പ്രകടനം കാഴ്‌ചവെച്ച സൂര്യക്കെതിരെ വിമർശനം ശക്തമായിരുന്നു.


« PREV
NEXT »

Facebook Comments APPID