BREAKING NEWS
latest

728x90

header-ad

468x60

header-ad

ഗോവയെ തീര്‍ത്ത കുളിര് മാറിയിട്ടില്ല; കണക്കുകള്‍ വീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ

ഇനിയും അവസാനിക്കാത്ത കണക്കുകള്‍ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്


ബെംഗളൂരു: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഭിമാനപ്പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ബെംഗളൂരു എഫ്സിയാണ് എതിരാളികൾ. ഇനിയും അവസാനിക്കാത്ത കണക്കുകള്‍ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. 16 കളിയില്‍ 29 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. 

കഴിഞ്ഞ സീസണില്‍ സുനിൽ ഛേത്രിയുടെ ഗോളും പിന്നാലെയുണ്ടായ വിവാദങ്ങളും കേരള ബ്ലാസ്റ്റേഴ്സും ആരാധകരും ഒരിക്കലും മറക്കില്ല. 2023 മാർച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിനെ പിടിച്ചുലച്ച ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധവും ബഹിഷ്കരണവും. വിലക്കും പിഴയുമെല്ലാം കഴിഞ്ഞ് 364 ദിവസത്തിന് ശേഷം ഇതേ വേദിയിലേക്ക് തിരികെ എത്തുമ്പോൾ ഇവാൻ വുകോമനോവിച്ചിനും സംഘത്തിനും ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. ഇക്കുറി കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചെങ്കിലും ശ്രീകണ്ഠീരവയിലെ ജയമേ ബ്ലാസ്റ്റേഴ്സിനെയും ആരാധകരേയും തൃപ്തിപ്പെടുത്തൂ. 

കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിലായിട്ടും നാല് ഗോൾ തിരിച്ചടിച്ച് വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. പ്രധാന താരങ്ങളുടെ പരിക്ക് തിരിച്ചടിയായി തുടരുമ്പോഴും ബെംഗളൂരുവിലെ ആദ്യ ജയം അസാധ്യമല്ലെന്ന് ഇവാൻ വുകോമനോവിച്ച് ഉറപ്പിച്ച് പറയുന്നു. 16 കളിയിൽ 29 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചും 17 കളിയിൽ 18 പോയിന്‍റുളള ബെംഗളൂരു ഒൻപതും സ്ഥാനത്താണ് നിലവില്‍. നേർക്കുനേർ കണക്കിൽ ബെംഗളൂരുവിനാണ് ആധിപത്യം. പതിനാല് കളികളിൽ ബെംഗളൂരു എട്ടിൽ ജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ജയിച്ചത് നാല് കളിയിലാണ്. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെഡ്പൂർ എഫ്‌സിയെ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് തകർത്തു. ബഗാൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷെഡ്പൂരിനെ തോൽപിച്ചത്. ദിമിത്രി പെട്രറ്റോസ്, ജേസൺ കമ്മിംഗ്സ്, അ‍ർമാൻഡോ സാദികു എന്നിവരാണ് ബഗാന്‍റെ സ്കോറർമാർ. പതിനാറ് കളിയിൽ പത്താം ജയം നേടിയ ബഗാൻ 33 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയ‍ർന്നു. 35 പോയിന്‍റുളള ഒഡിഷ എഫ്‌സിയാണ് ഒന്നാംസ്ഥാനത്ത്.

« PREV
NEXT »

Facebook Comments APPID