തത്സമയ ട്രേഡ് സെറ്റിൽമെന്റ് മാർച്ച് 28 മുതൽ നടപ്പാകും. ഇതോടെ ഫണ്ട്, സെക്യൂരിറ്റികൾ എന്നിവയുടെ സെറ്റിൽമെന്റ് ഒറ്റ ദിവസത്തിൽത്തന്നെ പൂർത്തിയാകും. ലിക്വിഡിറ്റി വർധിക്കുന്നു എന്നതാണ് നേട്ടം.
ഇന്ത്യൻ ഓഹരി വിപണിയിൽ പുതു ചരിത്രം പിറക്കുന്നു. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) നടപ്പാക്കുന്ന 'T+0 ട്രേഡ് സൈക്കിൾ സെറ്റിൽമെന്റ്' ('T+0 trade cycle settlement') മാർച്ച് 28 മുതൽ ഓപ്ഷണൽ അടിസ്ഥാനത്തിൽ ആരംഭിക്കും. ഇന്ന്, സെബി ചെയർ പേഴ്സൺ മാധബി പുരി ബുച്ചാണ് വിപ്ലവകരമായ മാറ്റം നടപ്പാകാൻ ഒരുങ്ങുന്നതായി അറിയിച്ചത്. 'T+0 സെറ്റിൽമെന്റ്' നടപ്പാകുന്നതോടെ വ്യാപാരം നടക്കുന്ന അതേ ദിവസം സെറ്റിൽമെന്റ് നടക്കും.
നിലവിൽ ഇന്ത്യൻ ഓഹരിവിപണികളിൽ 'T+1 സെറ്റിൽമെന്റ് 'സൈക്കിളാണ് (T+1 settlement cycle) എല്ലാ സ്ക്രിപ്റ്റുകളിലും പിന്തുടരുന്നത്. 'T+0 സെറ്റിൽമെന്റ്' രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് സെബി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 'ഓപ്ഷണൽ T+0 സെറ്റിൽമെന്റ്' സൈക്കിളാണ് നടപ്പാക്കുക. അതായത് ഉച്ചതിരിഞ്ഞ് 1.30 വരെയുള്ള വ്യാപാരങ്ങൾക്കാണ് ഈ സൗകര്യം ആദ്യഘട്ടത്തിൽ ലഭിക്കുക. ഈ സമയത്തിനു മുമ്പ് നടക്കുന്ന വ്യാപാരങ്ങളിലെ ഫണ്ട്, സെക്യൂരിറ്റികൾ എന്നിവ അന്ന് വൈകുന്നേരം 4.30 ആകുമ്പോഴേക്കും സെറ്റിൽ ചെയ്ത് ഇടപാട് പൂർത്തിയാക്കും. തുടക്കത്തിൽ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനത്തിൽ മുൻനിരയിലുള്ള 500 ലിസ്റ്റഡ് കമ്പനികളിലാണ് 'T+0 സെറ്റിൽമെന്റ്' നടപ്പാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ, ഓപ്ഷണൽ ഇമ്മീഡിയേറ്റ് ട്രേഡ് ബൈ ട്രേഡ് സെറ്റിൽമെന്റ്(Optional immediate trade-by-trade settlement) ആണ് ഫണ്ട്, സെക്യൂരിറ്റികൾ എന്നിവയിൽ നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ 3.30 വരെ വ്യാപാരം നടത്താൻ സാധിക്കും. അതായത് തത്സമയ സെറ്റിൽമെന്റ് ഒരു വ്യാപാര ദിവസം മുഴുവൻ എന്ന നിലയിൽ, പൂർണ തോതിൽ നടപ്പാകുന്നത് രണ്ടാം ഘട്ടത്തിലാണ്.
തത്സമയ സെറ്റിൽമെന്റ് നടപ്പാകുന്നതോടെ വിപണിയിലെ ലിക്വിഡിറ്റി വർധിക്കുമെന്നതാണ് നേട്ടം. നിലവിൽ 'T+1 day' അടിസ്ഥാനത്തിലാണ് ഫണ്ടുകൾ, സെക്യൂരിറ്റികൾ എന്നിവയുടെ സെറ്റിൽമെന്റ് നടക്കുന്നത്. 'T+0 settlement' നടപ്പാകുന്നതോടെ ഫണ്ട് ഷോർട്ടേജ് എന്ന റിസ്ക് ഒഴിവാക്കപ്പെടും. ഓർഡർ പ്ലേസ് ചെയ്യുന്നതിനു മുമ്പ് ഫണ്ട്, സെക്യൂരിറ്റികൾ എന്നിവ ആവശ്യമാണ് എന്നതാണ് കാരണം. ഫണ്ട്, ക്ലയന്റ് അക്കൗണ്ടിൽ നേരിട്ട് ക്രെഡിറ്റ് ചെയ്ത് നൽകുന്നതിലൂടെ നിക്ഷേപകരുടെ സംരക്ഷണമാണ് സെബി ലക്ഷ്യമിടുന്നത്.
സെക്യൂരിറ്റികൾ വില്പന നടത്തുന്നവർക്ക് വേഗത്തിൽ പേ ഔട്ട് വഴി ഫണ്ട് ലഭിക്കുന്നു എന്നതും, സെക്യൂരിറ്റികൾ വാങ്ങുന്നവർക്ക് ഫണ്ടിന് അനുസരിച്ച് അവ വേഗത്തിൽ ലഭ്യമാക്കുന്നു എന്നതുമാണ് നേട്ടങ്ങൾ.
ഇന്ത്യയിലെ സെറ്റിൽമെന്റ് സൈക്കിൾ 'T+'5 എന്ന നിലയിൽ നിന്ന് 'T+3' എന്ന തോതിൽ കുറച്ചത് 2002 വർഷത്തിലാണ്. 2003ൽ ഇത് T+2 സെറ്റിൽമെന്റ് എന്ന നിലയിലേക്ക് ചുരുങ്ങി. 2021ൽ 'T+1' സെറ്റിൽമെന്റ് ഘട്ടം ഘട്ടമായി നിലവിൽ വന്നു. 2023 ജനുവരിയിലാണ് സെബി ഇത് പൂർണമായ തോതിൽ നടപ്പാക്കിയത്. പുതിയ 'T+0 സെറ്റിൽമെന്റ്' നിലവിൽ വരുന്നതോടെ ചൈനയ്ക്ക് ശേഷം ഒരു ദിവസത്തിൽത്തന്നെ സെറ്റിൽമെന്റ് നടപ്പിൽ വരുത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്.
No comments
Post a Comment