ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിലും നിര്‍ണായക ഇടപെടൽ
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു കലാനാഥന്റെ ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്കൂൾ, ഫറോക്ക് ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്കൂൾ ലീഡറായിരുുന്നു. 1960 മുതൽ സി.പി.ഐ, സി.പി.ഐ.(എം) പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു. 1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായി.
1968ൽ സി.പി.ഐ.എമ്മിൽ അംഗത്വമെടുത്തു. 1970 മുതൽ 1984 വരെ സി.പി.ഐ.എം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിരുന്നു.
ഗുരുവായൂരിൽ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ 1977 ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം കയ്യേറിയ ആർ.എസ്.എസുകാരുടെ മർദ്ദനം ഏറ്റു.
1981ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികൾ സ്വീകരിച്ചു, വിജയം കൈവരിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു.
ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ്, ഏറ്റവും നല്ല ഊർജ്ജ സംരക്ഷണ പൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള ഭാരത് സേവക് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, എൻ.സി.മമ്മുട്ടി മാസ്റ്റർ അവാർഡ്, യുക്തിവിചാരം അവാർഡ്, വി.ടി. മെമ്മോറിയൽ അവാർഡ്, ഡോ.രാഹുലൻ മെമ്മോറിയൽ അവാർഡ്, മുത്തഖി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയർമാൻ, പരപ്പനങ്ങാടി എ.കെ.ജി. ഹോസ്പിറ്റൽ ഡയറക്ടർ, കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെന്റ് കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു.
ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ? ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ? മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദർശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങൾ രചിച്ചു.1995 ൽ അദ്ധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. 1984 ൽ സി.പി.ഐ (എം) അംഗത്വം ഉപേക്ഷിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിത പങ്കാളിയാക്കി. ഷമീറാണ് ഏക മകൻ.
No comments
Post a Comment