ഡ്രൈവിങ്ങ് ലൈസൻസ് നമ്മുടെ ഗണേശ്കുമാറിൻ്റെ നിലപാട് തന്നെ ശരി.
ഡ്രൈവിംഗ് ശരിക്കും പഠിക്കാത്തൊരാൾക്ക് ലൈസൻസ് കൊടുക്കുന്നത് ശരിയാണോ?
അപകടങ്ങൾ വർദ്ധിക്കില്ലേ..... ഡ്രൈവിംഗ് നന്നായി ഓടിക്കാൻ പഠിക്കാതെ ലൈസൻസ് മാത്രം ഉള്ള ഒരാൾ ഓടിക്കുന്ന വണ്ടിയിൽ നിങ്ങൾ യാത്ര ചെയ്യുമോ?
നിങ്ങൾ പറയൂ.....
ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്താണ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? H എടുക്കുന്നവർക്ക് ഫോർ വീലർ ലൈസൻസ് കൊടുക്കും. 8 എടുക്കുന്നവർക്ക് ടു വീലർ ലൈസൻസ് നല്കും. റോഡിലൂടെ വണ്ടിയോടിച്ചുള്ള ടെസ്റ്റ് ഒക്കെ ഒരു അഡ്ജസ്റ്റ്മെൻ്റാണ്.
ഇപ്പോൾ നമ്മുടെ നഗരങ്ങളിൽ ഡ്രൈവിംഗ് സ്ക്കൂളുകൾക്കൊപ്പം പുതിയൊരു തരം സ്ക്കൂളുകൾ കൂടി തുടങ്ങിയിട്ടുണ്ട്.
എന്താണെന്ന് അറിയോ?
ഡ്രൈവിംഗ് ലൈസൻസുള്ളവരെ വണ്ടിയോടിക്കാൻ പഠിപ്പിച്ച് നല്കും. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്താണ്?
നിലവിൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും ലൈസൻസുമായി റോഡിലിറങ്ങുന്നവർ വാഹനം ഓടിക്കാൻ പ്രാപ്തരല്ല. പൊതുനിരത്തിൽ അവർ അപകടമുണ്ടാക്കിയേക്കാം. ലൈസൻസ് കരസ്ഥമാക്കിയവർ വണ്ടി ഓടിക്കാൻ പഠിക്കാൻ മറ്റൊരു സ്ക്കൂളിൽ ചേർന്ന് പ്രാക്ടീസ് ചെയ്യേണ്ട സാഹചര്യമാണ്.
L ബോർഡ് വച്ച് ഓടിക്കുന്നവരെ മനസ്സിലാക്കാം. എന്നാൽ നിലവിൽ നന്നായി വണ്ടി ഓടിക്കാൻ പ്രാക്ടീസില്ലാതെ ലൈസൻസിൻ്റെ ബലത്തിൽ റോഡിലിറങ്ങുന്നത് വിലപ്പെട്ട മനുഷ്യജീവനുകൾക്ക് ഭീഷണി തന്നെ. നമ്മുടെ ഗതാഗത മന്ത്രി ഗനേശ്കുമാറിൻ്റെ നിലപാടിനൊപ്പം നില്ക്കാനെ സാമാന്യ ബുദ്ധിയുള്ള ആർക്കും പറ്റൂ.
വിദേശ രാജ്യങ്ങളിൽ ശരിക്കും വാഹനം ഓടിക്കാൻ പരിശീലിച്ചവർക്ക് മാത്രമെ ലൈസൻസ് ലഭിക്കൂ. നമ്മുടെ നാട്ടിലും ലൈസൻസ് നടപടികൾ അന്താരാഷ്ട്ര നിലവാരത്തിലാക്കണം.
നമ്മുടെ നാട്ടിൽ കൂടുതൽ ഡ്രൈവിങ്ങ് സ്ക്കൂളുകൾ അനുവദിക്കണം. നന്നായി വണ്ടി ഓടിക്കാൻ പഠിച്ചവരെ മാത്രം ലൈസൻസ് ടെസ്റ്റിനയയ്ക്കാവൂ.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനായി മോട്ടോർ ഡ്രൈവിംഗ് സ്ക്കൂളുകാർ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന സ്വാധീനങ്ങൾ ഇനി നടന്നു കൂടാ. മോട്ടോർ വാഹന വകുപ്പിനെ കാര്യക്ഷമമാക്കാനും അഴിമതി വിമുക്തമാക്കാനുള്ള മന്ത്രിയുടെ നടപടികളെ നമ്മൾ പിന്തുണയ്ക്കണം.
വെറുതെ ഡ്രൈവിംഗ് പഠിപ്പിച്ചാൽ മാത്രം പോരാ..... വാഹനം ഓടിക്കുമ്പോൾ പൊതു നിരത്തിലെങ്ങനെ മാന്യമായി പെരുമാറണം എന്നും കൂടി പഠിപ്പിക്കണം.
കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായ മേയർ - KSRTC ഡ്രൈവർ പോരാട്ടവും നമ്മളെ പഠിപ്പിക്കുന്നത് പൊതുനിരത്തിലെ മാന്യതയില്ലായ്മ തന്നെയാണ്.
പൊതുനിരത്തിൽ വാഹനം ഓടിക്കുന്നവർ പരസ്പരം ശത്രുക്കളല്ല. മോശമായ ഡ്രൈവിങ്ങ് ആരുടെ ഭാഗത്ത് നിന്നുമുണ്ടായാലും തെരുവിൽ കിടന്ന് തല്ല് കൂടുകയല്ല വേണ്ടത്...... കൃത്യമായ നിയമനടപടിയാണ് ഉണ്ടാവേണ്ടത്.
ചുരുക്കത്തിൽ പറഞ്ഞാൽ
...... ഡ്രൈവിങ്ങ് ലൈസൻസുമായി പൊതു നിരത്തിൽ വണ്ടിയുമായി ഇറങ്ങുന്നവർക്ക് അപകടരഹിതമായി വണ്ടി ഓടിക്കാൻ അറിയണം. മുന്നിലും പുറകിലും എതിരേയും വരുന്ന വാഹനങ്ങളേയും മാന്യമായി പരിഗണിച്ച് ഡ്രൈവ് ചെയ്യുന്ന ഒരു മികച്ച ഡ്രൈവിംഗ് സംസ്ക്കാരം നമ്മുടെ നാട്ടിലും ഉണ്ടാവണം.
No comments
Post a Comment