ബൈക്കപകടത്തിൽപ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവിൻ്റെ മനഃസാക്ഷിയില്ലാത്ത പെരുമാറ്റം. ഗുരുതരമായി പരിക്കേറ്റ 17- കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണമടഞ്ഞു. സംഭവത്തിൽ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇലന്തൂർ നെല്ലിക്കാല പ്ലാങ്കൂട്ടത്തിൽ മേലേതിൽവീട്ടിലെ സുധീഷ് (17) ആണ് മരിച്ചത്. സഹദ് ഓടിച്ചിരുന്ന ബൈക്കിൻറെ പിൻസീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്. രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയതാണ്. പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ രാത്രി 9:11 ഓടെ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.
എസ്എൻഡിപി ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിൻസീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡിൽ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞ്നോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടർന്ന് പരിസരത്തുണ്ടായിരുന്നവർ മുങ്ങാൻ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു. ഇതിനിടെ പോലീസ് സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സഹദ് ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന വിവരവും പോലീസ് നൽകുന്നുണ്ട്.
No comments
Post a Comment