കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലെത്തിക്കാൻ പഴയ ബസുകളിൽ സി.എൻ.ജി. ഇന്ധനം എന്ന ആശയം കാണിച്ച് ബാബു കെ.എസ്.ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു. ഏറ്റവും നൂതന യൂറോ നാല് ഗുണമേന്മയുള്ള സെൻസർ സി.എൻ.ജി. കിറ്റ് ഘടിപ്പിച്ചുനൽകിയ 25 ബസുകളുടെ വിശദവിവരങ്ങളും കത്തിനൊപ്പം അയച്ചിരുന്നു. അത് പഠിച്ചശേഷമാണ് കെ.എസ്.ആർ.ടി.സി. ഒരു ബസ് പരീക്ഷണാർഥം സി.എൻ.ജി.യിലേക്ക് മാറ്റാൻ ബാബുവിൻ്റെ സ്ഥാപനത്തെ ഏൽപ്പിച്ചത്.
പ്രതിദിനം 100 ലിറ്റർ ഡീസലിൻ്റെ ഓട്ടം നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് സി.എൻ.ജി.യിലേക്ക് മാറ്റിയാൽ പ്രതിദിനം 3,000 രൂപയുടെ ലാഭമാണ് ബാബു ഉറപ്പുനൽകിയിരുന്നത്. അത് കിട്ടുന്നുണ്ടെന്നുള്ള പ്രതിദിന റിപ്പോർട്ടാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് വരുന്നത്. സി.എൻ.ജി.യിലേക്ക് മാറ്റിയാൽ ബസുകളുടെ ശേഷി 160 കുതിരശക്തിയിൽനിന്ന് 180-ൽ എത്തും.
തൃശ്ശൂരിലെ ആദ്യകാല വാഹന മെക്കാനിക്കായിരുന്ന ചാക്കപ്പൻ പെട്രോൾ ബസ്സുകളുടെ എൻജിനിൽ മാറ്റം വരുത്തി ഡീസൽ ഇന്ധനമാക്കി വിപ്ലവം സൃഷ്ടിച്ചിരുന്നു. ചാക്കപ്പൻ്റെ മകൻ ബാബു ഇപ്പോൾ ഡീസൽ എൻജിനുകൾ പെട്രോളിലേക്ക് മാറ്റുകയാണ്. ഈ മാറ്റം പെട്രോൾ എൻജിനിലേക്ക് പ്രകൃതിവാതകം (സി.എൻ.ജി.) സന്നിവേശിപ്പിച്ച് ലാഭം കൂട്ടാൻ വേണ്ടിയാണ്. ബാബുവിന്റെ മക്കളായ ആനന്ദ്, അരവിന്ദ് എന്നീ മെക്കാനിക്കൽ- ഇലക്ട്രിക്കൽ എൻജിനീയർമാരും അച്ഛനോടൊപ്പമുണ്ട്.
20 ശതമാനം ക്ഷമത കൂടുതലും കിലോഗ്രാമിന് 12 രൂപ വിലക്കുറവുമാണ് സി.എൻ.ജി.ക്ക് ഡീസലിനെ അപേക്ഷിച്ചുള്ള മേന്മ. ഒറ്റ നിറയ്ക്കലിൽ 600 കിലോമീറ്റർ ഓടാൻ കഴിയുന്ന 140 കിലോഗ്രാം ശേഷിയുള്ള സിലിൻഡറുകളാണ് കെ.എസ്.ആർ.ടി.സി. ബസിൽ ഘടിപ്പിക്കുന്നത്. ഡീസൽ എൻജിൻ പെട്രോളിലേക്ക് മാറ്റുന്നത് ബാബുവും മക്കളും ചർന്നാണ്.
അംഗീകൃത സി.എൻ.ജി. കിറ്റ് ഘടിപ്പിക്കുന്നത് അതിനുശേഷം. കെ.എസ്.ആർ.ടി.സി. ബസിൽ കിറ്റ് ഘടിപ്പിക്കുന്നതിന് ഒൻപതുലക്ഷമാണ് ചെലവ്. ഒരു ദിവസം ചുരുങ്ങിയത് 3,000 രൂപ ലാഭിക്കാമെന്നതിനാൽ ഒരുവർഷംകൊണ്ട് മുടക്കുമുതൽ തിരികെ കിട്ടും. കെ.എസ്.ആർ.ടി.സി.ക്ക് സി.എൻ.ജി. സബ്‌സിഡി കിട്ടിയാൽ ഇനിയും ലാഭം ഉയരും.
No comments
Post a Comment