രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്കിൽ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്. 2024 ജനുവരി - മാർച്ച് കാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 15-നും 29-നും വയസിനിടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിൻ്റെ റിപ്പോർട്ടിൽ ഉള്ളത്.
യുവാക്കളെക്കാൾ അധികം യുവതികളാണ് കേരളത്തിൽ തൊഴിൽ രഹിതർ. സംസ്ഥാനത്ത് 15-നും 29-നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 46.6 ശതമാനവും തൊഴിൽരഹിതരാണ്. ഈ പ്രായ വിഭാഗത്തിൽ പ്പെട്ട യുവാക്കളിൽ 24.3 ശതമാനം തൊഴിൽരഹിതർ ആണെന്നാണ് കേന്ദ്ര സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ ജമ്മു കശ്‌മീർ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാൻ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്‌മ ഏറ്റവും കൂടുതൽ. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹിയാണ്. 3.1 %.
22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോർട്ടാണ് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സർവേയിൽ വിശദീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബർ - ഡിസംബർ കാലയളവിൽ ഇത് 16.5 ശതമാനം ആയിരുന്നു. സർവേയിൽ കറൻ്റ് വീക്കിലി സ്റ്റാറ്റസ് (CWS) ന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്‌മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.
No comments
Post a Comment