BREAKING NEWS
latest

728x90

header-ad

468x60

header-ad

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി നടക്കുന്ന പരിശോധന; 5,000 പേർ അറസ്റ്റിൽ


ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും.



ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകൾക്കെതിരേയുള്ള നടപടിയായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന.



ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, വാറൻ്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതൽ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്‌ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്.



ഗുണ്ടാവേട്ട തുടരുന്നതിൻ്റെ ഭാഗമായി അതത് ദിവസങ്ങളിലെ നടപടികൾ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങൾ അമർച്ചചെയ്യുന്നതിന് കൂടുതൽ ജാഗ്രതപാലിക്കാൻ കഴിഞ്ഞദിവസം ചേർന്ന ഓൺലൈൻ യോഗത്തിൽ പോലീസ് മേധാവി നിർദേശിച്ചു.


സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നത് തടയുന്നത് സംബന്ധിച്ച് സൈബർവിഭാഗം മേധാവി എ.ഡി.ജി.പി. എച്ച്‌. വെങ്കിടേഷ് ജില്ലാ പോലീസ് മേധാവിമാരുമായി ചർച്ചനടത്തി. സൈബർകേസുകളിൽ നഷ്‌ടപ്പെട്ട പണം തിരികെലഭിക്കാൻ നടപടി വേഗത്തിലാക്കാൻ അദ്ദേഹം നിർദേശിച്ചു. ബോധവത്കരണം കൂടുതൽ ഊർജിതമാക്കാനും നിർദേശംനൽകി.

« PREV
NEXT »

Facebook Comments APPID