കെഎസ്ആർടിസി ബസിൽ മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഇയാളെ ബസ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ പുലർച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്.
തിരുവനന്തപുരത്തുനിന്നു ഞായറാഴ്‌ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ് ബസിൽ ഇന്നലെ പുലർച്ചെ 2.30നാണ് ഷംസുദീൻ ഗുരുവായൂരിൽനിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാൾ ഒഴിവുള്ള സീറ്റിൽ ഇരുന്നു. പിന്നീട് വിദ്യാർഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു.
ഇതിനിടയിൽ വിദ്യാർഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്‌ടറുടെ നിർദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്കു കൊണ്ടുപോയി.
പുലർച്ചെ 4.15 നാണ് ബസ് സിറ്റി കൺട്രോൾ റൂമിനു മുന്നിലെത്തിയത്. ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നു കസബ പൊലീസ് എത്തി വിദ്യാർഥിനിയിൽനിന്നു പരാതി എഴുതി വാങ്ങി. പ്രതി ബസിൽനിന്നു നടത്തിയ പ്രവൃത്തി വിദ്യാർഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.
ഇതേസമയം, ബസിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേർന്നു തടഞ്ഞു വച്ച് പൊലീസിനു കൈമാറി. കസ്റ്റഡിയിലെടുത്ത ഷംസുദീനെ കസബ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകുകയും ബസ് യാത്ര തുടരുകയുമായിരുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു വിട്ടയച്ചു. പരാതിയിൽ തുടർ നടപടിക്കു താൽപര്യമില്ലെന്നു വിദ്യാർഥി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്കു സ്‌റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നു പൊലീസുകാർ പറഞ്ഞു.
No comments
Post a Comment