ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുൻ എം.എൽ.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചത്. ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. നസീബ് സിങ്ങിന് നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൻ്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡൽഹി മണ്ഡലത്തിൻ്റേയും ചുമതലയാണ് ഉണ്ടായിരുന്നത്.
ആം ആദ്‌മി പാർട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചാണ് ഇരുവരും രാജി നൽകിയത്. തൻ്റേയും ഡൽഹിയിൽനിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാൻഡ് എ.എ.പിയുമായി സഖ്യമുണ്ടാക്കിയത്. ഇത് ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കും. പാർട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലും സ്ഥാനാർഥികളാക്കിയത്.
നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി, കോൺഗ്രസ് ടിക്കറ്റിലെ എ.എ.പിക്കാരനാണെന്നും നസീബ് സിങ്, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ആരോപിച്ചു. പഞ്ചാബിൻ്റെ ചുമതലയുള്ള ദേവേന്ദ്ര യാദവ് ഇത്രയും കാലം ആം ആദ്‌മി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‌കിവരികയായിരുന്നുവെന്നും ഡൽഹി പി.സി.സിയുടെ ഇടക്കാല പ്രസിഡൻ്റ് എന്ന നിലയിൽ ഇനി അദ്ദേഹത്തിന് അരവിന്ദ് കെജ്‌രിവാളിനേയും അദ്ദേഹത്തിന്റെ പാർട്ടിയേയും പുകഴ്തേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴുവർഷമായി വിവിധ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ് എ.എ.പി. അവരുടെ മൂന്ന് പ്രധാന നേതാക്കൾ ജയിലിലാണ്. സഖ്യമുണ്ടാക്കുന്നതോടെ അഴിമതി ആരോപണങ്ങളിൽ കോൺഗ്രസ്, എ.എ.പിക്ക് ക്ലീൻ ചിറ്റ് നൽകാൻ ശ്രമിക്കുകയാണ്. എ.എ.പിയുമായുള്ള സഖ്യം വലിയ അപമാനമായാണ് സാധാരണപ്രവർത്തകർ കാണുന്നത്. എന്നാൽ, ഹൈക്കമാൻഡ് ഈ വികാരത്തോട് മുഖം തിരിക്കുകയാണെന്നും നീരജ് ബസോയ പറഞ്ഞു.
നേരത്തെ സമാനകാരണങ്ങൾ ചൂണ്ടിക്കാട്ടി അരവിന്ദർ സിങ് ലവ്ലി പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യകുമാറിന്റേ്റേയും നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഉദിത് രാജിന്റേയും സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഡൽഹിയുടെ ചുമതലുള്ള ദീപക് ബബാരിയക്കെതിരേയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡൽഹി മുൻമന്ത്രിയും എ.ഐ.സി.സി. അംഗവുമായ രാജ്‌കുമാർ ചൗഹാനും ബബാരിയക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിവിട്ടിരുന്നു. അതേസമയം, അരവിന്ദർ സിങ് ലവ്‌ലി അംഗത്വം രാജിവെക്കുകയോ പാർട്ടി വിടുകയോ ചെയ്തിട്ടില്ല.
No comments
Post a Comment