അരവിന്ദ് കേജ്‌രിവാളിനു ജാമ്യം അനുവദിച്ചതോടെ ഡൽഹിയിലെ ആംആദ്‌മി പാർട്ടി ആസ്‌ഥാനത്ത് വലിയ ആവേശത്തിലാണ് പ്രവർത്തകർ. കേജ്‌രിവാളിന് ജാമ്യം ലഭിച്ചതിലെ ആഹ്ളാദം പങ്കിടാനായി കേരളത്തിൽ നിന്നടക്കമുള്ള പ്രവർത്തകർ ഡൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് എത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്‌തും ലഡു വിതരണം നടത്തിയുമാണ് പ്രവർത്തകർ ആഹ്ലാദം പങ്കുവയ്ക്കുന്നത്.
കേജ്‌രിവാളിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ, ആം ആദ്‌മി പാർട്ടി ഇന്ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെല്ലാം മാറ്റിവച്ചു. കേജ്‌രിവാളിനെ സ്വീകരിക്കാൻ പാർട്ടി ആസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കേജ്‌രിവാളിനു ജാമ്യം ലഭിച്ചത് തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് പാർട്ടി പ്രവർത്തകർ പ്രതികരിച്ചു.
സത്യത്തിനു ജയമുണ്ടെങ്കിൽ ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ വിജയിക്കുമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള ആം ആദ്‌മി പാർട്ടി നേതാവ് അജു ജോസ് തേർത്തല്ലിയുടെ പ്രതികരണം. ഗുജറാത്തിൽ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിധ്യം ഇല്ലാതാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. കേജ്‌രിവാളിനു ജാമ്യം ലഭിച്ചതോടെ തിരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടാക്കാൻ പാർട്ടിക്കു സാധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഡൽഹിയിലെ മലയാളികൾക്കിടയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ജയത്തിനായി വോട്ട് അഭ്യർഥിക്കാനാണ് കേരളത്തിൽനിന്ന് അജു ജോസ് അടക്കമുള്ള ആംആദ്‌മി പാർട്ടി പ്രവർത്തകർ ഡൽഹിയിൽ എത്തിയത്. “കേജ്‌രിവാൾ കുറ്റക്കാരനല്ലെങ്കിൽ ജയിലിൽ കിടക്കുമോ എന്നൊരു ചോദ്യം ജനങ്ങൾക്കിടയിലുണ്ടായിരുന്നു. അരവിന്ദ് കേജ്‌രിവാളിനെ ജയിലിലാക്കുന്നതിനു മാത്രമായി പിഎംഎൽഐ എന്നൊരു ആക്ടട് നവീകരിച്ച് കൊണ്ടുവന്നു. കേജ്‌രിവാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കും"- പാർട്ടി പ്രവർത്തകർ അറിയിച്ചു.
No comments
Post a Comment