പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നു യുവതി പൊലീസിന് മൊഴി നൽകി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിൻ്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്ലാറ്റിൽനിന്നു വലിച്ചെറിയുകയായിരുന്നു.
പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞെന്നും യുവതി പൊലീസിന് മൊഴി നൽകി. വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവശേഷമുള്ള ശാരീരിക അവശതകൾ നിലനിൽക്കുന്നതിനാൽ യുവതിയെ കോടതിയിൽ ഹാജരാക്കിയേക്കില്ല. ആരോഗ്യനില തൃപ്‌തികരമായ ശേഷം ജുഡീഷ്യൽ കസ്‌റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇരുപത്തിമൂന്നുകാരിയായ യുവതി പീഡനത്തിനിരയായ അതിജീവിതയാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. അയൽ സംസ്‌ഥാനത്തു പഠിക്കുകയായിരുന്ന യുവതി ഒരു വർഷം മുൻപാണു മടങ്ങിയെത്തി നഗരത്തിലെ ഒരു വിദ്യാഭ്യാസസ്‌ഥാപനത്തിൽ ചേർന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയുമായി യുവതി അടുപ്പത്തിലായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾക്കെതിരെ മൊഴി ലഭിച്ചിട്ടില്ല. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം യുവാവിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടേകാലോടെയാണു ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിന്റെറെ പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഫ്ലാറ്റിനു മുന്നിലെ റോഡിനു നടുവിൽ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ സ്‌കൂൾ വാനിന്റെ ഡ്രൈവറാണ് ഇത് ആദ്യം കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പ്രദേശത്തെ ജനപ്രതിനിധികളും സ്‌ഥലത്തെത്തി ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഫ്ലാറ്റിനു മുകളിൽ നിന്ന് ഒരു കെട്ട് താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ഇതോടെ, റോഡിന് അഭിമുഖമായി ബാൽക്കണിയുള്ള അപ്പാർട്മെന്റുകളിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഇതിനൊപ്പം തന്നെ ഫ്ലാറ്റിലെ അന്തേവാസികളെയും ചോദ്യം ചെയ്‌തു. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ കുറിയർ കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ അഞ്ചാം നിലയിലെ ഫ്ലാറ്റിൻ്റെ വിലാസം ലഭിച്ചു. ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്‌തക്കറ കണ്ടെത്തിയതോടെയാണു പ്രതിയെപ്പറ്റിയുള്ള നിർണായക വിവരം പൊലീസിനു ലഭിച്ചത്.
No comments
Post a Comment