BREAKING NEWS
latest

728x90

header-ad

468x60

header-ad

അങ്കമാലി - എരുമേലി ശബരി റെയിൽ പാത; പണം കണ്ടെത്താൻ സാധ്യത തേടി കേരളം




അങ്കമാലി - എരുമേലി ശബരി റെയിൽ പാതയുടെ നിർമാണത്തിന് പണം കണ്ടെത്താൻ സാധ്യത തേടി കേരളം. ധനസമാഹരണത്തിനുള്ള വഴികൾ ധനവകുപ്പ് പരിശോധിക്കും. ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.


പാതയുടെ നിർമാണ ചെലവിൻ്റെ പകുതി വഹിക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകാൻ കേരളത്തോട് റെയിൽവേ അഞ്ചുമാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയറുടെ (കൺസ്ട്രക്ഷൻ) കത്ത് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കേരളം മറുപടി നൽകിയിട്ടില്ല. കേരളത്തിൻ്റെ ഉറപ്പും പുതിയ എസ്റ്റിമേറ്റും ഒന്നിച്ച് സമർപ്പിക്കാനാണ് റെയിൽവേ ആവശ്യപ്പെട്ടത്. 3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ശബരി ലൈനിനായി കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയത്.



ഇതിന്റെ പകുതിയായ 1905 കോടി കേരളം നൽകണം. പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കുറച്ചു മാസം മുൻപ് നിയമസഭയിൽ പറഞ്ഞിരുന്നു.


കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 100 കോടി രൂപ ശബരി പദ്ധതിക്ക് പ്രഖ്യാപിച്ചതാണ്. ഈ വർഷം തീരുംമുൻപ് പദ്ധതിക്ക് തുടക്കമിട്ടില്ലെങ്കിൽ ഇത് റെയിൽവേ ബോർഡിലേക്ക് മടക്കും. മുൻപും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 100 കോടിയും മടക്കി നൽകിയിരുന്നു. പദ്ധതിച്ചെലവ് വഹിക്കാമെന്ന് കേരളം ധാരണയിലെത്തിയെങ്കിലും 2018-ൽ ഇതിൽനിന്ന് പിന്മാറിയിരുന്നു.



 എന്നാൽ, നിലപാട് മാറ്റിയ കേരളം ചെലവ് വഹിക്കാമെന്ന് 2021-ൽ അറിയിച്ചു. രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് റെയിൽവേ ആവശ്യപ്പെട്ടത് ഇത്തരം അനുഭവം മുൻനിർത്തിയാണ് എന്ന് റെയിൽവേ പറയുന്നു. ശബരിമല തീർഥാടകർക്കായി വിഭാവനം ചെയ്ത്‌ 111 കിലോമീറ്റർ പാത മൂന്നു ജില്ലകളിലെ ജനങ്ങൾക്ക് ഉപകരിക്കും .


24 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകൾ വസ്‌തു വിൽക്കാനോ ഈടുവെച്ച് വായ്‌പ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്.


ശബരി പദ്ധതി

  • പ്രഖ്യാപിച്ചത് 1997-98 ൽ
  • ആകെ നീളം - 111 കിലോ മീറ്റർ
  • സ്റ്റേഷനുകൾ - 14
  • കടന്നുപോകുന്ന ജില്ലകൾ - 3
  • പൂർത്തിയായത് - ഏഴ് കിലോമീറ്റർ ട്രാക്ക്, കാലടി സ്റ്റേഷൻ, പെരിയാറിലെ പാലം
  • മരവിപ്പിച്ചത് - 2019-ൽ



ശബരി പദ്ധതിക്ക് കഴിഞ്ഞ നാലുവർഷം അനുവദിച്ച തുക:

  • 2019-20 - ഒരു കോടി
  • 2020-21-1000 രൂപ
  • 2021-22-1000 രൂപ
  • 2022-23 - 1000 രൂപ
  • 2023-24- 100 കോടി
  • 2024-25 - 100 കോടി 

« PREV
NEXT »

Facebook Comments APPID