BREAKING NEWS
latest

728x90

header-ad

468x60

header-ad

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്ക്


ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാൻകഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകൾ) വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കിയ നിർദേശങ്ങളിലാണ് ഇത് ഉൾക്കൊള്ളിച്ചിട്ടുള്ളത്.


ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിർബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിർദേശം.



ടെസ്റ്റിനിടെ വാഹനം ഓടിക്കുന്നയാൾ എന്തെങ്കിലും പിഴവ് വരുത്തിയാൽ ഇരട്ട നിയന്ത്രണമുള്ളതാണെങ്കിൽ വെഹിക്കിൾ ഇൻസ്പെക്‌ടർക്ക് വാഹനം നിയന്ത്രിക്കാനാവും. ഇത്തരം വാഹനം ഒഴിവാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയരുന്നുമുണ്ട്. നല്ലരീതിയിൽ ഡ്രൈവിങ് പരിശീലിച്ചവരാണെങ്കിലും ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളപ്പോൾ പരിഭ്രമിച്ച് അബദ്ധം കാണിക്കാറുണ്ട്.


ചില ജില്ലകളിൽ റോഡ് ടെസ്റ്റുകളിൽ വിജയിപ്പിക്കാൻ ചില ഉദ്യോഗസ്ഥർ ഇടപെടുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ ക്ലച്ച് നിയന്ത്രിച്ചാൽ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഈ ക്രമക്കേട് തടയാനാണ് പുതിയ നീക്കമെന്നാണ് പറയുന്നത്.




ഡ്രൈവിങ് സ്കൂ‌ളുകാരെ സംബന്ധിച്ചിടത്തോളം ടെസ്റ്റിനായി മറ്റൊരു വാഹനം വാങ്ങേണ്ടിവരുമെന്നത് അധികബാധ്യതയാണ്. ഡ്രൈവിങ് ടെസ്റ്റിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ അന്നേദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതും വിലക്കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിൽ സർക്കാർതലത്തിൽ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ ഗതാഗത കമ്മിഷണർ ആർ.ടി.ഒ.മാർക്ക് നിർദേശം നൽകി.

« PREV
NEXT »

Facebook Comments APPID