കല്ലുംതാഴം പാൽകുളങ്ങര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കുണ്ടറ മാമൂട് അനന്തു ഭവനിൽ പരേതനായ ശശിധരൻപിള്ളയുടെ ഏക മകൻ എസ്. അനന്തുവും(18), എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകൾ മീനാക്ഷി(18)യുമാണ് മരിച്ചത്. 14നു വൈകിട്ട് 5.30-ന് പാൽകുളങ്ങര റെയിൽവേ ഗേറ്റിന് സമീപം തെങ്ങയ്യത്ത് ക്ഷേത്രത്തിനും പാലത്തിനും ഇടയിലായിരുന്നു ഇരുവരേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
കൊല്ലത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നു മുന്നോട്ട് പോയ ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ പരസ്‌പരം ആലിംഗനം ചെയ്‌തു നിന്നതായും ട്രെയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അനന്തു കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാം വർഷ ബിരുദ വിദ്യാർഥിയും മീനാക്ഷി പ്ലസ്സു കഴിഞ്ഞ വിദ്യാർഥിനിയുമാണ്. ഇരുവരും ഇൻസ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുൻപ് പരിചയപ്പെട്ടതെന്ന് അനന്തുവിൻ്റെ സുഹൃത്തുക്കൾ കിളികൊല്ലൂർ പോലീസിന് മൊഴി നൽകി.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയുന്നു. എന്നാൽ ഈ കാര്യമൊന്നും ഇരു വീട്ടുകാർക്കും അറിയില്ലായിരുന്നു. 14ന്‌ആണ് ഇരുവരും നേരിൽ കാണുന്നതെന്നും അനന്തുവിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു. സിനിമ കാണാൻ പോകുന്നു എന്ന് പറഞ്ഞാണ് അനന്തു വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ മീനാക്ഷി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല.
ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ ഇരു വീട്ടുകാരും പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചെന്ന വാർത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരം നടത്തി. കിളികൊല്ലൂർ പോലീസ് കേസെടുത്തു. അനന്തുവിന്റെ അമ്മ അജിത. മീനാക്ഷിയുടെ അമ്മ ബിന്ദു. സഹോദരി: ശ്രീലക്ഷ്മി.
No comments
Post a Comment