കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ കിരീടം നേടാൻകഴിയാതെപോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് 'ക്ലബ്ബ് ലൈസൻസ് പരീക്ഷയിലും' തോൽവി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രീമിയർ -1 ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാലു ടീമുകൾക്ക് ലഭിച്ചില്ല. ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്തസീസണിൽ കളിക്കാൻ കഴിയില്ല.
ബ്ലാസ്റ്റേഴ്‌സിനു പുറമേ, ഹൈദരാബാദ് എഫ്.സി., ഒഡിഷ എഫ്.സി., ജംഷേദ്പുർ എഫ്.സി. എന്നിവയാണ് ക്ലബ്ബ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട മറ്റു ക്ലബ്ബുകൾ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ക്ലബ്ബ് ലൈസൻസ് നിബന്ധനകൾ പൂർണമായും പാലിക്കാൻ കഴിയാത്തതാണ് ഈ ക്ലബ്ബുകൾക്ക് തിരിച്ചടിയായത്. നിബന്ധനകൾ പാലിച്ച് ക്ലബ്ബുകൾക്ക് വീണ്ടും അപേക്ഷനൽകാൻ അവസരമുണ്ട്. ഇതിലും പരാജയപ്പെട്ടാൽ ക്ലബ്ബുകൾക്ക് ഐ.എസ്.എലിലും ഏഷ്യൻതല മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല.
പഞ്ചാബ് എഫ്.സി.യാണ് നേരിട്ട് ലൈസൻസ് ലഭിച്ച ക്ലബ്ബ്. നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാൻ സൂപ്പർ ജയൻ്റ്സ്, ഷീൽഡ് വിന്നേഴ്‌സായ ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്.സി., ചെന്നൈയിൻ എഫ്.സി., നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പുതുതായി സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദൻസ് ക്ലബ്ബുകൾക്ക് ഉപാധികളോടെയാണ് ലൈസൻസ് അനുവദിച്ചത്.
No comments
Post a Comment