BREAKING NEWS
latest

728x90

header-ad

468x60

header-ad

'ഗ്രാൻഡ് പ്രി' പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമ; ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'

 


ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് 77-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 'ഗ്രാൻഡ് പ്രി' പുരസ്‌കാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യൻ സംവിധായികയ്ക്ക് ഗ്രാൻഡ് പ്രി ലഭിക്കുന്നത്. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. കാണികൾ എഴുന്നേറ്റുനിന്ന് എട്ടുമിനിറ്റ് കൈയടിച്ചു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്‌സുമാരുടെ മുംബൈ ജീവിതത്തിലെ സംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.' മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായൽ കപാഡിയയാണ്.



'കാവ്യാത്മകം', 'ലോലം', 'ഹൃയദയാവർജകം' എന്നെല്ലാമാണ് കാനിലെ ആദ്യ പ്രദർശനത്തിനുശേഷം ചിത്രത്തിനു ലഭിച്ച വിശേഷണങ്ങൾ. 'ബാർബി' സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങൾ വിലയിരുത്തിയത്.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവ വിദ്യാർഥിയായ പായൽ കപാഡിയയുടെ ഡോക്യുമെൻ്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി'ന് 2021-ൽ കാനിലെ 'ഗോൾഡൻ ഐ' പുരസ്‌കാരം ലഭിച്ചിരുന്നു.


ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസും അനദർ ബെർത്തും ചേർന്നാണ് ചിത്രം നിർമിച്ചത്.


മുംബൈയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.


ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായൽ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്.



« PREV
NEXT »

Facebook Comments APPID