സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കൊണ്ടുവന്ന പരിഷ്കരണം നടപ്പാക്കാനാകാതെ പാളി. വ്യാഴാഴ്‌ചമുതൽ പുതിയ മാനദണ്ഡമനുസരിച്ച് ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. ഡ്രൈവിങ് സ്‌കൂളുകൾ വിവിധസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനിറങ്ങിയതോടെ, സംസ്ഥാനത്ത് ഒരിടത്തും ടെസ്റ്റ് നടത്താനായില്ല. അടിസ്ഥാനസൗകര്യം ഒരുക്കാതെയും കൃത്യമായ മാർഗനിർദേശമില്ലാതെയും പരിഷ്‌കരണം നടപ്പാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കി.
അനിശ്ചിതകാലത്തേക്കാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. പരിഷ്‌കരണം നടപ്പാക്കാൻ ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് ആവശ്യം. വ്യാഴാഴ്‌ചമുതൽ പരിഷ്‌കാരം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറത്ത് ടെസ്റ്റിങ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും നൽകിയില്ല.
പ്രതിഷേധത്തിനുപിന്നിൽ മാഫിയയാണെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ്കുമാറിൻ്റെ പ്രതികരണം. ഇത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. മന്ത്രി പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്ന് സി.ഐ.ടി.യു. ആവശ്യപ്പെട്ടു. ലേണേഴ്സ് അടക്കമുള്ള നടപടികളുമായി സഹകരിക്കില്ലെന്നാണ് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. എന്നിവയടക്കമുള്ള സംഘടനകൾ അറിയിച്ചത്. പ്രഖ്യാപിച്ച നടപടികളുമായി മുന്നോട്ടുപോകാനാണ് ഗതാഗതവകുപ്പിൻ്റെ തീരുമാനം.
കടുപ്പിച്ച് പ്രതിഷേധം
- . എറണാകുളത്ത് ഒരിടത്തും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല.
- . കോട്ടയം ചെങ്ങളം മൈതാനത്ത് 50 പേർ ടെസ്റ്റിനെത്തി. 11 മണിക്കുശേഷം ടെസ്റ്റ് റദ്ദാക്കിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
- മലപ്പുറം ആർ.ടി.ഒ., പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, തിരൂരങ്ങാടി, നിലമ്പൂർ ജോയിൻ്റ് ആർ.ടി.ഒ. ഓഫീസുകൾക്കുകീഴിൽ ടെസ്റ്റ് നടന്നില്ല. മൂന്നുമണിക്കൂർ കാത്തിരുന്ന് ഉദ്യോഗസ്ഥർ മടങ്ങി.
- . പത്തനംതിട്ട വെട്ടിപ്പുറം ഗ്രൗണ്ടിൽ ടെസ്റ്റിന് ഉദ്യോഗസ്ഥരെത്തിയെങ്കിലും പ്രതിഷേധം കാരണം മടങ്ങി.
- കോഴിക്കോട് ജില്ലയിൽ എവിടെയും ടെസ്റ്റിന് ആരും എത്തിയില്ല.
- കാസർകോട് ടെസ്റ്റ് പൂർണമായും റദ്ദാക്കി. കോവിഡ് കാരണം ടെസ്റ്റ് മാറ്റിയെന്നായിരുന്നു അറിയിപ്പ്.
- . ആലപ്പുഴയിൽ ഉദ്യോഗസ്ഥരെത്തിയെങ്കിലും ടെസ്റ്റിന് ആരും എത്തിയില്ല.
- . ഇടുക്കിയിൽ പ്രതിഷേധം കാരണം ടെസ്റ്റ് നടന്നില്ല.
- . തൃശ്ശൂർ ജില്ലയിൽ പ്രതിഷേധം കാരണം ഭൂരിഭാഗം പേരും ടെസ്റ്റിനെത്തിയില്ല.
- . കൊല്ലത്ത് ഡ്രൈവിങ് സ്‌കൂളുകൾ ടെസ്റ്റ് ബഹിഷ്കരിച്ചു.
- . തിരുവനന്തപുരം മുട്ടത്തറയിൽ സ്വന്തം വാഹനത്തിൽ ടെസ്റ്റിനെത്തിയവരെയും പ്രതിഷേധക്കാർ തടഞ്ഞു.
- . സംസ്ഥാനത്തൊരിടത്തും ടെസ്റ്റ് നടത്താനായില്ല
- . അനിശ്ചിതകാലത്തേക്കാണ് പണിമുടക്ക്
No comments
Post a Comment