സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19നു തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ മഴ എത്തിച്ചേരാൻ സാധ്യതയെന്നാണു കാലാവസ്‌ഥാ വകുപ്പിൻ്റെ പ്രവചനം.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതചുഴിയിൽനിന്നു ലക്ഷദ്വീപിലേക്കു ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.
തെക്കൻ കർണാടകയ്ക്കുമുകളിൽനിന്നു വിദർഭയിലേക്കു മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിയും മിന്നലും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ് 19നു അതിശക്‌തമായ മഴക്കും, മേയ് 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴയ്ക്കും സാധ്യതയെന്നാണു കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്.
വിവിധ ജില്ലകളിൽ യെലോ അലർട്ട്
15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16-05-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം
17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
19-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
19-05-2024ന് ചില ജില്ലകളിൽ യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
No comments
Post a Comment