BREAKING NEWS
latest

728x90

header-ad

468x60

header-ad

കൂട്ടിരിക്കാൻ ആരുമില്ല, ആശുപത്രിയിൽനിന്ന് ഇറക്കിവിട്ടു; അതിഥിതൊഴിലാളിക്ക് ആശുപത്രി പരിസരത്ത് ദാരുണാന്ത്യം


 

കൂട്ടിരിക്കാൻ ആരുമില്ലാത്ത അതിഥിതൊഴിലാളിക്ക് കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌ത രോഗിയാണ് തൊട്ടടുത്തുള്ള ആശുപത്രി ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചത്.



കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ ഇയാളെ അഗ്‌നിരക്ഷാസേന എത്തിയാണ് വെള്ളിയാഴ്‌ച രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കാലിനുണ്ടായ പൊട്ടലിനെ തുടർന്ന് അവശനിലയിലായിരുന്ന അദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.



ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാർ പരിശോധിച്ച് വിദഗ്‌ധചികിത്സയ്ക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. എന്നാൽ, ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും കൂട്ടിരിപ്പുകാരില്ലാത്തത് കാരണം രോഗിയെ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചു. അതോടെ ഗത്യന്തരമില്ലാതെ അതിഥിതൊഴിലാളി തിരിച്ച് ജില്ലാ ആശുപത്രിയിലേക്ക് മടങ്ങിയെങ്കിലും സുരക്ഷാജീവനക്കാർ തടഞ്ഞു.



മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തയാളെ അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് സുരക്ഷാജീവനക്കാരും പോലീസുകാരനും പറഞ്ഞു. ചക്രക്കസേരയിൽനിന്ന് ഇയാളെ അവർ നിർബന്ധപൂർവം ഇറക്കിവിട്ടു. വൈകീട്ട് 4.30-ഓടെ ആശുപത്രിക്ക് പുറത്തിറങ്ങിനടന്ന തൊഴിലാളി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് പ്രതികരണം തേടി ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

« PREV
NEXT »

Facebook Comments APPID