ഉന്നതവിദ്യാഭ്യാസം നാലുവർഷ ബിരുദത്തിലേക്ക് മാറുന്നതിനൊപ്പം ഫീസ് ഘടനയും പരിഷ്കരിക്കുന്നു. പഠിക്കുന്ന കോളേജിനുപുറത്തുള്ള കോഴ്സെസ്സെടുത്ത് അധികക്രെഡിറ്റ് നേടാൻ അധികഫീസടയ്ക്കാൻ വ്യവസ്ഥവരും. ഇതിനുപുറമേ, നാലാമത്തെവർഷം പ്രത്യേക ഫീസീടാക്കാനാണ് ആലോചന.
ഓണേഴ്സിനും ഓണേഴ്‌സ് വിത്ത് റിസർച്ചിനും വെവ്വേറെ ഫീസ് ഏർപ്പെടുത്താനാണ് സാധ്യത. നിലവിൽ ഒരു ബിരുദത്തിന് ശരാശരി മൂവായിരം രൂപയാണ് ഫീസ്. ഈ തുക വർധിപ്പിക്കില്ല. സെമസ്റ്ററിനുപുറമെ കോളേജ് വിദ്യാഭ്യാസം നിർബന്ധമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്കു മാറുന്നതിനാൽ, അതനുസരിച്ചുള്ള പരിഷ്‌കാരം ഫീസ്‌ഘടനയിൽ കൊണ്ടുവരും.
ഒരു ബിരുദ പ്രോഗ്രാമിനുചേർന്നാൽ, ഒരു സെമസ്റ്ററിൽ 22-24 ക്രെഡിറ്റ് നേടാനുള്ള കോഴ്സുകൾ നിർബന്ധമായും കോളേജിൽതന്നെ പഠിക്കണം. ഓരോ സെമസ്റ്ററിലും നാലുമുതൽ ആറുവരെ ക്രെഡിറ്റുകൾ കോളേജിനു പുറത്തുനിന്നുള്ള കോഴ്‌സുകൾ പഠിച്ചു നേടാം. ഇത്തരം കോഴ്‌സുകൾ ഓൺലൈനായും മറ്റും പഠിക്കാൻ സ്വാതന്ത്ര്യമുണ്ടാവും.
ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റത്തിന് അനുസൃതമായി ഫീസ് ഘടനയിലാണ് പരിഷ്കാരമെന്നും വിദ്യാർഥികൾക്ക് സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഫീസ് വർധന ഉണ്ടാവില്ലെന്നും അധികൃതർ വിശദീകരിച്ചു.
No comments
Post a Comment