ഡ്രൈവിങ് പഠിക്കാനും ലൈസൻസ് എടുക്കാനും ഡ്രൈവിങ് സ്കൂളുകൾ നിർബന്ധമല്ലെന്ന് സർക്കാർ. ഏതൊരാൾക്കും സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തിൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ട് ടെസ്റ്റിങ് വ്യവസ്ഥകൾ പുതുക്കി ഉത്തരവിറക്കി.
സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ് പഠനം മുൻ ഉത്തരവുകളിൽ കാര്യമായി പരാമർശിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തെ സ്‌കൂളുകാരും ജീവനക്കാരും എതിർക്കുന്ന പശ്ചാത്തലത്തിൽ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ലേണേഴ്‌സ് ലൈസൻസ് എടുത്ത വ്യക്തിക്ക് ലൈസൻസുള്ള ഒരാളുടെ സാന്നിധ്യത്തിൽ ഡ്രൈവിങ് പരിശീലിക്കാം. സ്‌കൂൾവഴിയാണെങ്കിൽ അംഗീകൃത പരിശീലകൻതന്നെ പഠിതാക്കളുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥയും കർശനമാക്കി.
സി.ഐ.ടി.യു. ഉൾപ്പെടെയുള്ള സംഘടനകൾ എതിർക്കുന്നതും ഈ നിബന്ധനയെയാണ്. ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകൾക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ല. ഒരു ഉദ്യോഗസ്ഥർ ദിവസം 40 ടെസ്റ്റ് നടത്തണമെന്നത് ഉൾപ്പെടെ സമരം ഒത്തുതീർപ്പാക്കിയ ചർച്ചയ്ക്കുശേഷം മന്ത്രി വിശദീകരിച്ച കാര്യങ്ങളെല്ലാം ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രി അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ 29-ന് സംസ്ഥാനകമ്മിറ്റി ചേർന്ന് തുടർപരിപാടികൾ തീരുമാനിക്കുമെന്ന് സി.ഐ.ടി.യു. അറിയിച്ചു.
No comments
Post a Comment