ഡെങ്കിപ്പനിപോലുള്ള പകർച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലിൽപോലും ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളിൽത്തന്നെ പകർച്ചവ്യാധികൾ പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകൾ അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകൾക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളിൽ വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്. ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങൾ വീടുകൾക്കുള്ളിൽത്തന്നെ പകർച്ചവ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കഴിഞ്ഞ വർഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വർഷം ഇതുവരെതന്നെ 550നു മുകളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തുതുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വൻതോതിൽ വർധിക്കുമെന്ന ഭയവുമുണ്ട്.
കോവിഡിനുശേഷം വീട്ടിനുള്ളിൽ അലങ്കാരച്ചെടികൾ വളർത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളിൽ വെള്ളം നിറച്ചാണ് മണി പ്ലാൻ്റ് പോലുള്ളവ വളർത്തുന്നത്. ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികൾക്കടിയിൽ വെക്കുന്ന ട്രേകളും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നു.
ചെടി വളർത്താൻ ഉപയോഗിക്കുന്ന കുപ്പികളുടെ വായ്‌ഭാഗം തുണികൊണ്ട് മൂടണമെന്നാണ് പ്രതിവിധിയായി ആരോഗ്യവിഭാഗം പറയുന്നത്. ഫ്രിഡ്ജിനടിയിലെ ട്രേയും പകർച്ചവ്യാധികൾക്ക് അനുകൂലസാഹചര്യം ഉണ്ടാക്കുന്നു.
വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവർത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവർ പറയുന്നത്. വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവർ ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിർദേശം. ആവർത്തിക്കാതിരിക്കാനാണിത്. എന്നാൽ, മിക്കപ്പോഴും ജീവനക്കാർത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാർ അറിയുന്നുപോലുമില്ല.
ഡെങ്കി രണ്ടാംതവണ വരുമ്പോൾ അതു കൂടുതൽ ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.
No comments
Post a Comment