സ്‌കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി. പഠനവും പരിഷ്കരിച്ചു. ഈ വർഷം ഏഴാംക്ലാസിലെ ഐ.സി.ടി. പുസ്‌തകത്തിൽ നിർമിതബുദ്ധി പഠനവും ഉൾപ്പെടുത്തി.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം.ഈ പ്രോഗ്രാം വഴി ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴു ഭാവങ്ങൾവരെ കംപ്യൂട്ടറിനു തിരിച്ചറിയാം.
നാലു ലക്ഷത്തിലേറെ കുട്ടികൾ നിർമിതബുദ്ധി പരിശീലിക്കും. മുഴുവൻ കുട്ടികൾക്കും ഒരുപോല എ.ഐ. പഠനത്തിനുള്ള അവസരം ഇന്ത്യയിൽ ഇതാദ്യമായാണെന്ന് ഐ.സി.ടി. പാഠപുസ്‌തകസമിതി ചെയർമാൻ കെ. അൻവർസാദത്ത് പറഞ്ഞു. അടുത്ത അധ്യയനവർഷം എട്ടുമുതൽ പത്തുവരെ ക്ലാസുകളിലേക്കും എ.ഐ. പഠനം വ്യാപിപ്പിക്കും.
ഈ അധ്യയനവർഷം 1, 3, 5, 7 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്‌തകങ്ങളെത്തും. യുക്തിചിന്ത, പ്രോഗ്രാമിങ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രൈമറി തലത്തിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.ഇതിനു പുറമേ, സ്ക്രാച്ചിൽ വിഷ്വൽ പ്രോഗ്രാമിങ് പഠിച്ചു മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിങ്, എ.ഐ., റോബോട്ടിക്സ‌് തുടങ്ങിയവ പരിശീലിക്കാനുള്ള 'പിക്റ്റോബ്ലോക്ക്' പാക്കേജാണ്പുതിയ പുസ്തകങ്ങളുടെ പ്രത്യേകത. മുഴുവൻ സോഫ്റ്റ്വേറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്ടോപ്പുകളിൽ ലഭ്യമാക്കും. ലാംഗ്വേജ് ലാബുകളാണ് പുതിയ പുസ്‌തകത്തിലെ മറ്റൊരു സവിശേഷത.
ഒന്ന്, മൂന്ന് ക്ലാസുകളിലേക്കുള്ള പുതിയ ഐ.സി.ടി. പാഠപുസ്‌തകത്തിൽ വായന, ചിത്രരചന, അക്ഷരശേഷി, സംഖ്യാബോധം, താളം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്‌ടിവേറ്റ്, ഒമ്‌നിടെക്‌സ്, ടക്‌സ്പെയിന്റ് തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ, വേസ്റ്റ് ചാലഞ്ച് ആപ്പ് വഴി ട്രാഫിക് നിയമങ്ങളും മാലിന്യനിർമാർജനവുമൊക്കെ ഗെയിമുകളിലൂടെ കുട്ടികളെ പഠിപ്പിക്കും.
No comments
Post a Comment