ഗൂഗിൾമാപ്പ് നോക്കി യാത്രചെയ്‌തവരുടെ കാർ തോട്ടിൽവീണു. കുറുപ്പന്തറക്കടവ് കുരിശുപള്ളിക്കുസമീപം തോട്ടിൽ ശനിയാഴ്‌ച പുലർച്ചെ 2.30- നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാലുപേരും കഷ്‌ടിച്ച് രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ തൗഫീഖ്, യശ്വന്ത്, മദൻ, അഭിരാമി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദസഞ്ചാരത്തിനെത്തിയ ഇവർ മൂന്നാറിൽനിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു.
കാർ തോട്ടിൽ മുങ്ങിയെങ്കിലും എല്ലാവരും പിന്നിലെ ഡോറിൻ്റെ ചില്ല് താഴ്ത്തി പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. എൻജിൻ നിന്നെങ്കിലും ബാറ്ററിബന്ധം ഉണ്ടായിരുന്നു. അതിനാൽ പിന്നിലെ ഡോറിൻ്റെ ബട്ടൻ അമർത്തി ഗ്ലാസ് താഴ്ത്താനായി. ആളിറങ്ങിയതിന് പിന്നാലെ കാർ 100 മീറ്ററോളം ഒഴുകിപ്പോയി. കടവുതോട് എഴുമാങ്കായലിലാണ് ചെന്നുചേരുന്നത്. രണ്ടാൾ താഴ്ചയിൽ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. മുങ്ങിയ കാർ, നാട്ടുകാരും പോലീസും മറ്റും ചേർന്ന് രാവിലെ 10.30-ഓടെയാണ് പുറത്തെടുത്തത്. കുറുപ്പന്തറക്കടവ് പാലത്തിലേക്ക് എത്തുന്നതിനുമുമ്പ് രണ്ട് പ്രധാന വഴികളുണ്ട്.
തോടിന്റെ വലതുവശത്തുകൂടിയുള്ള വഴിയാണ് ആലപ്പുഴയിലേക്കുള്ളത്. നേരേ പോയാൽ തോട്ടിലെ കടവിലേക്കുമെത്തും. ഗൂഗിൾമാപ്പ് നോക്കി ഇതുവഴിവന്ന സംഘത്തിന് വഴിതെറ്റുകയായിരുന്നു. മഴ കാരണം, വഴിയും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയിലുമായിരുന്നു. റോഡിൽ സൂചനാ ബോർഡ് ഉണ്ടായിരുന്നില്ല. സമീപത്തുള്ള തടിമില്ലിലെ തൊഴിലാളികൾ ശബ്‌ദംകേട്ട് ഓടിയെത്തി. അവർ കയറും കപ്പിയും ഉപയോഗിച്ച് കാർ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കളമ്പനാട്ടിൽ കുട്ടൻ, തമ്പി, സലി, ബിജു, ബിനോയ്, ബാബു എന്നിവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രാവിലെ ക്രെയിനും വടവുംകൊണ്ട് വീണ്ടും നടത്തിയ ശ്രമത്തിലാണ് കാർ കരയ്ക്ക് കയറ്റാനായത്.
വേഗം കുറച്ചാണ് കാർ ഓടിച്ചിരുന്നത്. നേരേ പോകാനാണ് ഗൂഗിൾ മാപ്പിൽ നിർദേശിച്ചത്. ആ വഴിയിൽ മഴവെള്ളമുണ്ടായിരുന്നു. പെട്ടെന്ന് മുൻചക്രങ്ങൾ വെള്ളത്തിലേക്ക് താഴ്ന്നു്. അപ്പോഴാണ് റോഡിലെ മഴവെള്ളമല്ലെന്ന് മനസ്സിലായത്. കാറിൻ്റെ വാതിൽ ലോക്ക് ആയെങ്കിലും ചില്ല് താഴ്ത്തി പുറത്തെത്തി -യശ്വന്ത്
No comments
Post a Comment