പതിമൂന്ന് വയസ്സുകാരനായ മകനെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ച് പിന്നിൽ യാത്രചെയ്‌ത സംഭവത്തിൽ പിതാവിനെതിരേ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടർനടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു.
ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് മഞ്ചേരി -അരീക്കോട് റോഡിൽ പുല്ലൂരിൽനിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്ത് പൂല്ലൂർ സ്വദേശിയായ പിതാവും മകനും അപകടകരമാംവിധം സ്‌കൂട്ടറോടിച്ചത്.
മകൻ വാഹനം ഓടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകിൽ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉദ്യോഗസ്ഥർ മഫ്‌ടിയിൽ വാഹനം ഓടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തി. അന്വേഷണത്തിൽ കുട്ടിയുടെ പിതാവ് രണ്ടുമാസം മുൻപ് തൃശ്ശൂരിൽനിന്ന് വാങ്ങിയ സ്‌കൂട്ടറാണിതെന്നും ഓണർഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമക്കെതിരേയും കേസെടുത്തു.
എൻഫോഴ്സസ്മെൻ്റ് ആർ.ടി.ഒ. പി.എ. നസീറിൻ്റെ നിർദേശപ്രകാരം ഏറനാട് സ്ക്വാഡിലെ എം.വി.ഐ. ബിനോയ് കുമാർ, എ.എം.വി.ഐ. ഷീജ മാട്ടട എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
No comments
Post a Comment