BREAKING NEWS
latest

728x90

header-ad

468x60

header-ad

ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി കളമൊഴിയുന്നു

 

ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.


2005 ജൂൺ 12-ന്‌ പാകിസ്‌താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയിൽതന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോൾ നേടിയത്. മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം.



2012 എഎഫ്സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പിൽ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാൻ ഛേത്രിക്കായി. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു.


രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകൾക്കായി കളിച്ചു. അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബ് കൻസാസ് സിറ്റിക്കും പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്‌ബൺ റിസർവ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ സിറ്റി ടീമുകൾക്കായും ബൂട്ടുകെട്ടി.



2011-ൽ അർജുന പുരസ്‌കാരവും 2019-ൽ പദ്‌മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു.


എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്റു കപ്പ് (2007, 2009, 2012) നേട്ടങ്ങളിൽ പങ്കാളി. ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിൻ്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്. 



« PREV
NEXT »

Facebook Comments APPID