BREAKING NEWS
latest

728x90

header-ad

468x60

header-ad

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ.

64 ന്റെ നിറവിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.. മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ ചേർത്ത പിടിച്ച താരത്തിന് ജനമുഖം ന്യൂസിന്റെ ജന്മദിനാശംസകൾ. മുൻഗാമികളും പിൻഗാമികളുമില്ലാത്ത നടനവിസ്മയം. മലയാള സിനിമ ഉള്ളടിത്തോളം കാലം മലയാളി മറക്കാത്ത പേരാണ് മോഹൻലാല്‍.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി, 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. തിരുവനന്തപുരത്തുള്ള മുടവൻമുകളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള സ്‌കൂളിലാണ് വിദ്യാഭ്യാസകാലം ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും, എംജി കോളേജിലുമായി പഠനം പൂർത്തീകരിച്ചു. മോഹൻലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാല്‍ ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹൻലാല്‍ അഭിനയിച്ച്‌, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്ബോള്‍ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തില്‍ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. 
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. 1983-ല്‍ 25-ഓളം ചിത്രങ്ങളില്‍ മോഹൻലാല്‍ അഭിനയിക്കുകയുണ്ടായി.

1986 മുതല്‍ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങള്‍ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തില്‍ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്ര വേദിയില്‍ മോഹൻലാലിന്റെ മികച്ച വർഷങ്ങളില്‍ ഒന്നാണ് 1986. ഈ വർഷത്തില്‍ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാല്‍ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാല്‍ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്ബി കണ്ണന്താനം ആയിരുന്നു. ഇതേ വർഷം തന്നെയാണ് മാനസിക നില തെറ്റിയ യുവാവായി താളവട്ടത്തിലൂടെ എത്തിയത്.

1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള മലയാള സിനിമ ചരിത്രപുസ്‌തകത്തിന്‍റെ താളുകൾ മറിച്ച് നോക്കിയാൽ മോഹൻലാൽ എന്ന നടന്‍റെ പ്രശസ്‌തിയും താരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയതായി കാണാം.

ആറാം തമ്പുരാൻ, ഉസ്‌താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പരാജയം രുചിക്കുകയും മോഹൻലാൽ പലവിധ വിമർശനങ്ങൾക്ക് വിധേയനാവുകയും ചെയ്‌തു. എന്നാൽ 90കളുടെ അവസാനത്തിൽ പ്രിയദർശന്‍റെ 'കാലാപാനി'യിലൂടെ മോഹൻലാൽ വിമർശകരുടെ നാവടച്ചു. 'ഗുരു' എന്ന മറ്റൊരു ചിത്രം ഓസ്‌കറിൽ വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്‌തു. 'ഹരികൃഷ്‌ണൻസ്, കന്മദം, വാനപ്രസ്ഥം' എന്നിവയെല്ലാം അക്കാലത്ത് പുറത്തുവന്ന സിനിമകളാണ്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. 1997-ലാണ് മോഹൻലാല്‍, മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷത്തില്‍ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത് എന്നത് ചരിത്രം. ഇതിനു ശേഷമാണ് മോഹൻലാല്‍ മലയാള ഭാഷേതര ചിത്രങ്ങളില്‍ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്ബനി എന്ന ചിത്രത്തില്‍ 2002-ല്‍ അഭിനയിച്ചു.

2007-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ രാം ഗോപാല്‍ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻലാലാണ്. 2009-ല്‍ കമലഹാസനോടൊപ്പം തമിഴില്‍, ഉന്നൈ പോല്‍ ഒരുവൻ എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്‌ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴില്‍ മോഹൻലാല്‍ അഭിനയിച്ച കഥാപാത്രം ഹിന്ദിയില്‍ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയില്‍ വിജയ്‌ക്ക് ഒപ്പം നായക തുല്യമായ വേഷത്തില്‍ അഭിനയിച്ചു. 

താന്‍ ഒരു സിനിമ നടനായി പരിണമിക്കുന്നത് തന്‍റെ സൗഹൃദങ്ങളിലൂടെയാണെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. അയാളുടെ സിനിമകളുടെ നീണ്ട ലിസ്റ്റ് നോക്കിയാൽ ഇന്നും സൗഹൃദത്തിന്‍റെ ഇത്തരം കൂട്ടുകെട്ടുകൾ കാണാം. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, കേണൽ പദവി... നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത് ഒട്ടനവധി നേട്ടങ്ങളാണ്. അഭ്രപാളികളില്‍ പകരക്കാരനില്ലാത്ത നായകനായി തുടരുന്ന മലയാളത്തിന്റെ ലാലേട്ടന് ജന്മദിനാശംസകള്‍.
« PREV
NEXT »

Facebook Comments APPID