BREAKING NEWS
latest

728x90

header-ad

468x60

header-ad

മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രാക്കിലിറങ്ങുമെന്ന പ്രതീക്ഷയോടെ മലയാളികൾ.

സംസ്ഥാനത്ത് മൂന്നാം വന്ദേ ഭാരത് ട്രെയിൻ സർവീസ് വൈകുന്നു. കേരളത്തിലെത്തിച്ച വന്ദേ ഭാരത് റേക്ക് ദിവസങ്ങളായി കൊല്ലത്ത് വെറുതേയിട്ടിരിക്കുകയാണ്. എറണാകുളം - ബെംഗളൂരു റൂട്ടിൽ ട്രെയിൻ ഉടൻ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും ആയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ ട്രെയിനായി സർവീസ് ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ദക്ഷിണ റെയിൽവേ ആ സാധ്യതയും പരിഗണിച്ചിട്ടില്ല. 

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ടൈംടേബിളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസ് രാത്രി 11:30ന് ആരംഭിച്ച് രാവിലെ എട്ട് മണിയ്ക്ക് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വന്ദേ ഭാരത് ചെയർകാറുകൾ രാത്രി സർവീസിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് വ്യക്തത വരുത്താതാണ് പ്രതിസന്ധിയ്ക്ക് കാരണം. 
വന്ദേ ഭാരത് ചെയർകാർ ഉപയോഗിച്ച് രാത്രി സർവീസ് നടത്താൻ റെയിൽവേ ബോർഡ് അനുമതി നൽകിയാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ എറണാകുളം - ബെംഗളൂരു സർവീസിൽ തീരുമാനമാവുകയുള്ളൂ. ഇതിന് പുറമെ, തിരുവനന്തപുരം - കോയമ്പത്തൂർ, തിരുവനന്തപുരം - ചെന്നൈ സർവീസുകളും റെയിൽവേയുടെ പരിഗണനയിലുണ്ട്.
എറണാകുളം റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. ഇതോടെ എറണാകുളത്ത് നിന്ന് വന്ദേ ഭാരത് സർവീസ് ആരംഭിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. വൈകാതെ തന്നെ ട്രെയിൻ എറണാകുളത്തേക്ക് എത്തിച്ച് ബെംഗളൂരു സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
« PREV
NEXT »

Facebook Comments APPID