ഇരുമ്പിലിൽ ക്ഷീരകർഷകൻ്റെ അഞ്ച് പശുക്കൾ ചത്തു. തീറ്റയിലൂടെ വിഷബാധയേറ്റതായാണ് സംശയം. പശുക്കൾക്ക് തീറ്റയായി നൽകിയ പുല്ലിൽ അരളിച്ചെടിയും ശംഖുപുഷ്‌പവുമുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു.
ഇരുമ്പിൽ ചക്കാലക്കൽ വീട്ടിൽ നന്ദിനിയുടെയും മകൻ വിജേഷിന്റെയും അഞ്ച് പശുക്കളാണ് ചത്തത്. സമീപത്തെ പറമ്പിൽ നിന്നും കൊണ്ടുവന്ന പുല്ലാണ് പശുക്കൾക്ക് നൽകിയത്. ഇത് കഴിച്ചശേഷമാണ് പശുക്കൾ ചത്തുവീണത്. രണ്ട് പശുക്കൾക്ക് കൂടി വയ്യായ്‌കയുണ്ട്.
വിഷാംശം ഉള്ളിൽ ചെന്നതാണ് പശുക്കൾ ചാകാനിടയാക്കിയതെന്ന് സ്ഥലത്തെത്തിയ നഗരസഭാ മൃഗാശുപത്രിയിലെ ഡോക്‌ടർ പറഞ്ഞു. എങ്ങനെയാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് വ്യക്തമല്ലെന്നും അധികൃതർ വിശദീകരിച്ചു.
നന്ദിനിയുടേയും മകൻ വിജേഷിൻ്റെയും ഏക വരുമാന മാർഗമാണ് പശു വളർത്തൽ. ഇവർക്ക് 16 പശുക്കളുണ്ട്. തിങ്കളാഴ്‌ച രാവിലെയാണ് പശുക്കൾക്ക് പുല്ല് തീറ്റയായി നൽകിയത്. വൈകീട്ടോടെ ഒരു പശു ചത്തു. ചൊവ്വാഴ്ച രണ്ട് പശുക്കളും ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമായി ഓരോ പശു വീതവും ചത്തു.
കഴിഞ്ഞ ദിവസം മൃഗാശുപത്രിയിൽ നിന്നും ഡോക്‌ടറെത്തി മരുന്ന് നൽകിയിരുന്നു. പശുക്കൾ ചത്തതോടെ കുടുംബം ആശങ്കയിലാണ്.
No comments
Post a Comment