വോട്ടെടുപ്പിൻ്റെ നാലാംഘട്ടത്തിൽ വർഗീയവിദ്വേഷ പരാമർശങ്ങളുടെ വിഷവിത്തുകൾ വാരിയെറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണക്കളം. ഒന്നാം ഘട്ടത്തിൻ്റെ രണ്ടാം പാദംമുതൽ അതിതീവ്ര മുദ്രാവാക്യങ്ങളുടെയും വിദ്വേഷപ്രസംഗങ്ങളുടെയും വേദികളായി മാറിയ തിരഞ്ഞെടുപ്പുരംഗം നാലാം ഘട്ടത്തിലെത്തുമ്പോൾ തുറന്നവർഗീയതയുടെ ആയുധപ്രയോഗമായി. രാഷ്ട്രീയത്തിന് പുറത്തുള്ള വിഷയങ്ങളെയും വർഗീയ ചേരിതിരിവുകളുടെ ഭാഷയിൽ വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ് നാലാം ഘട്ടത്തിൽ പ്രചാരണം മുറുകുന്നത്.
കോൺഗ്രസ് ജയിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെപേരിൽ നിശ്ചയിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശവും രാമക്ഷേത്രത്തിന് ബാബറി പൂട്ട് വീഴുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശവും ഈ നിരയിൽ ഒടുവിലത്തേതാണ്. വികസന മുദ്രാവാക്യങ്ങളിൽനിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് നാലാം ഘട്ടത്തിൽ വർഗീയതയുടെ തീവ്രതയിലേക്ക് വീണത്. തുടക്കത്തിൽ കേന്ദ്രസർക്കാരിൻ്റെ നേട്ടങ്ങളായിരുന്നു ബി.ജെ.പി.യുടെ മുഖ്യപ്രമേയം.
സർക്കാരിന്റെ ഭരണനേട്ടങ്ങൾ താഴെത്തട്ടിൽ പ്രചരിപ്പിക്കാൻ നേതാക്കൾക്കും മന്ത്രിമാർക്കും പ്രധാനമന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, ഒന്നാംഘട്ടത്തിൻ്റെ രണ്ടാം പാദത്തിലെത്തിയപ്പോൾ അതേ പ്രധാനമന്ത്രി വികസനമുദ്രാവാക്യം ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ചേരുവ കലർത്തി പ്രചാരണത്തിൻ്റെ ദിശതിരിച്ചു. ലക്ഷ്യമിട്ട തരംഗം ഒന്നാംഘട്ടത്തിൽ ഉയരാത്തതും പോളിങ് കുറഞ്ഞതുമാണ് രണ്ടാംഘട്ടത്തിൽ മുദ്രാവാക്യം മാറ്റാൻ കാരണമെന്നാണ് സൂചന.
രണ്ടാം ഘട്ടത്തിലും പോളിങ് കുറയുകയും അത് ഹിന്ദി ഹൃദയഭൂമിയിലെ സ്വന്തം തട്ടകങ്ങളെ ബാധിക്കുകയും ചെയ്‌താൽ കണക്കുകൂട്ടൽ തെറ്റുമെന്ന തിരിച്ചറിവിലാണ് നീക്കം. 2014-ലും 2019-ലും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളാണ് ബി.ജെ.പി.ക്ക് വൻതോതിൽ സീറ്റുകൾ നൽകിയത്. ബി.ജെ.പി.യുടെ ഹിന്ദുത്വപരീക്ഷണശാലകളായ ഈ മണ്ഡലങ്ങളെ ഉറപ്പിച്ചുനിർത്താനാണ് മുസ്ലിംവിരുദ്ധ പരാമർശങ്ങളിൽ മുക്കിയെടുത്ത കഠിനവാക്കുകളുമായി മോദിയും നേതാക്കളും കളത്തിലെത്തിയത്.
ഏപ്രിൽ 21-ന് മോദിതന്നെയാണ് ഈ വ്യാഖ്യാനങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ട ആദിവാസികളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യുമെന്ന് തുറന്നപ്രസ്‌താവന നടത്തിയായിരുന്നു രാജസ്ഥാനിലെ ആദിവാസിമേഖലകളിൽ മോദി തുടങ്ങിയത്. കൂടുതൽ കുട്ടികളുള്ളവർ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങിയ പരാമർശങ്ങളായിരുന്നു പ്രസംഗത്തിൽ.
ഹിന്ദുവിഭാഗങ്ങളെ വൈകാരികമായി ഉണർത്താൻ താലിമാലപോലും പിടിച്ചെടുക്കുമെന്ന പ്രയോഗവും ആസൂത്രിതമായിരുന്നു. തുടർന്ന് അടുത്തദിവസം ആഗ്രയിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലിം എന്ന പരാമർശം ഒഴിവാക്കിയെങ്കിലും പ്രധാനമന്ത്രി പരാമർശങ്ങൾ ആവർത്തിച്ചു.
മോദിയുടെ വാക്കുകളുടെ ചുവടുപിടിച്ച് മുതിർന്ന കേന്ദ്രമന്ത്രിമാരും നേതാക്കളും വിവിധ വേദികളിൽ ഇതേ പരാമർശങ്ങൾ ഉയർത്തി. അത് തുടരുന്നു. അടുത്തിടെ ബി.ജെ.പി.യിൽ ചേർന്ന മഹാരാഷ്ട്രയിലെ സിറ്റിങ് എം.പി. നവനീത് റാണയിലെത്തിനിൽക്കുന്നു ഈ വിവാദ പരമ്പര. പ്രധാനമന്ത്രിയുടെ വിവാദ പരാമർശങ്ങൾക്കെതിരേ പ്രതിപക്ഷം പരാതി നൽകിയെങ്കിലും ദിവസങ്ങൾക്കുശേഷം ബി.ജെ.പി. അധ്യക്ഷന് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ കാത്തിരിക്കുകയാണ്! മറുപടി നൽകാൻ സമയം നീട്ടിയെടുത്ത് ബി.ജെ.പി.യും.
വികസനം, വർഗീയത എന്നീ കാർഡുകളാണ് കാലങ്ങളായി ബി.ജെ.പി. തിരഞ്ഞെടുപ്പു കളങ്ങളിൽ ഉയർത്താറുള്ളത്. രണ്ടിലേത് കാർഡ് ആദ്യം ഇറക്കണമെന്ന് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. ഇക്കുറിയും വികസന കാർഡിലാണ് തുടങ്ങിയത്. എന്നാൽ കളം ഉണരുന്നില്ലെന്ന് കണ്ടപ്പോൾ ഒട്ടുംവൈകാതെ വർഗീയതയുടെ കാർഡുകൾ എടുത്തു.
മുൻകാല തിരഞ്ഞെടുപ്പുകളിൽ അയോധ്യ, ജമ്മു-കശ്‌മീരിൻ്റെ പ്രത്യേക പദവി തുടങ്ങിയ അജൻഡകളയിരുന്നു വികസന വിഷയങ്ങൾക്കു പുറമേ ബി.ജെ.പി. ഉയർത്തിയിരുന്നത്. നടപ്പായ പദ്ധതികളെന്ന നിലയിൽ ഈ രണ്ടുവിഷയവും കാര്യമായി ഏശിയില്ല. അതിനാൽ വർഗീയ പരാമർശങ്ങളിലൂടെ തുറന്ന ചൊരിച്ചിലാണ് ഇത്തവണ മാർഗമാക്കിയത്. അനുകൂലമായോ പ്രതികൂലമായോ തരംഗങ്ങളില്ലാത്ത തിരഞ്ഞെടുപ്പിൽ തങ്ങളുടെ അടിസ്ഥാന വോട്ടുബാങ്കിനെ ഊർജിതപ്പെടുത്താനുള്ള വൈകാരിക ആയുധമെന്ന നിലയിലാണ് മോദി ഈ ഹിന്ദു-മുസ്ലിം വിഷയങ്ങൾ ഉയർത്തുന്നത്. ഇത്തരം വിഷയങ്ങളില്ലെങ്കിൽ ഹൈന്ദവ വോട്ടുകളെ ഏകോപിപ്പിക്കാൻ ബി.ജെ.പിക്ക് എളുപ്പമല്ല.
No comments
Post a Comment