ശബരിമല തീർഥാടന കാലത്ത് തീർഥാടകർ, ജീവനക്കാർ തുടങ്ങിയവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന താമസസൗകര്യം ഉൾപ്പെടെയുള്ളവ വിലയിരുത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് സന്നിധാനത്തെത്തും. ജസ്‌റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ശബരിമല സന്ദർശിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അടുത്ത മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് നിർത്തലാക്കി ഓൺലൈൻ ബുക്കിങ് മാത്രമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.
8ന് രാവിലെ 10.30നാണ് ദേവസ്വം ബെഞ്ച് ശബരിമലയിലെത്തുന്നത്. സന്നിധാനത്തുള്ള ശബരി ഗെസ്‌റ്റ് ഹൗസ്, സ്‌റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു. അറ്റകുറ്റപ്പണികൾ സംബന്ധിച്ച് ഓംബുഡ്‌സ്‌മാനും കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതിയുടെ അനുമതിയോടെയേ നടത്താവൂ എന്ന് നേരത്തേതന്നെ നിർദേശമുള്ളതാണ്.
ദേവസ്വം ബെഞ്ചിൻ്റെ സന്ദർശന സമയത്ത് ശബരിമല സ്പെഷൽ കമ്മിഷണർ, ശബരിമല വികസന പദ്ധതികളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്‌റ്റൻ്റ് എൻജിനീയർ എന്നിവർ സന്നിധാനത്തുണ്ടാകണമെന്നും കോടതി നിർദേശിച്ചു. പത്തനംതിട്ട പൊതുമരാമത്ത് ബിൽഡിങ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറും പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരിക്കണമെന്ന് ഗവൺമെൻ്റ് പ്ലീഡർ ഉറപ്പു വരുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. ഈ മാസം 16ന് വിഷയം വീണ്ടും കോടതി പരിഗണിക്കും.
നേരത്തേ തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ദിവസം 80,000 ഓൺലൈൻ ബുക്കിങ് അനുവദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. സീസൺ തുടങ്ങുന്നതിന് 3 മാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താൻ സാധിക്കും. കഴിഞ്ഞ തീർഥാടന സമയത്ത് തീർഥാടകരുടെ അനിയന്ത്രിത പ്രവാഹം ഉണ്ടായപ്പോഴും ഹൈക്കോടതി ഇടപെട്ടിരുന്നു.
No comments
Post a Comment