ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 295-ന് മുകളിൽ സീറ്റു നേടി അധികാരത്തിൽ വരുമെന്ന് ഇന്ത്യസഖ്യയോഗം. ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. 235 സീറ്റിലൊതുങ്ങുമെന്നാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന്റെ പൊതുവിലയിരുത്തൽ.
ബി.ജെ.പി. തനിച്ച് 220 സീറ്റേ നേടൂ. അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി ആരാകണമെന്നതടക്കമുള്ള കാര്യം അപ്പോൾ തീരുമാനിക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.
ചാനലുകളിലെ എക്‌സിറ്റ്പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന കഴിഞ്ഞ ദിവസത്തെ തീരുമാനത്തിൽനിന്ന് കോൺഗ്രസ് പിന്മാറി. യോഗത്തിലെ പൊതുചർച്ചയുടെ അടിസ്ഥാനത്തിലാണ് മാറ്റം.
ഇന്ത്യസഖ്യകക്ഷികളുടെ ഏജൻ്റുമാർ വോട്ടെണ്ണിക്കഴിഞ്ഞ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതുവരെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണമെന്ന് യോഗം നിർദേശിച്ചു. വോട്ടെണ്ണൽ ദിവസം ബി.ജെ.പി. സഖ്യം ക്രമക്കേട് കാട്ടാൻ സാധ്യതയുള്ളതിനാൽ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണമെന്ന് കാട്ടി ഇന്ത്യസഖ്യത്തിലെ നേതാക്കൾ ഞായറാഴ്‌ച തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും.
ജനങ്ങളുടെ സർവേയാണ് തങ്ങൾ പുറത്തുവിടുന്നതെന്ന് യോഗശേഷം മാധ്യമങ്ങളോട് ഖാർഗെ പറഞ്ഞു. ഇത് തങ്ങളുടെ സ്വന്തം സർവേയല്ല. ജനങ്ങളിൽനിന്നു കിട്ടിയ പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പറയുന്നത്. സർക്കാരിൻ്റെ സർവേ കാണുമായിരിക്കാം. അതൊന്നും യാഥാർഥ്യവുമായി പൊരുത്തപ്പെടണമെന്നില്ല. ബി.ജെ.പി.ക്ക് പരിഹസിക്കാൻ ഇട നൽകാതിരിക്കാൻ ഒറ്റക്കെട്ടായി നീങ്ങാൻ യോഗം തീരുമാനിച്ചു.
No comments
Post a Comment