6.65 കോടി രൂപ വിലമതിക്കുന്ന ഇത് ഹൈക്കോടതിവിധിയെ തുടർന്ന് മാറ്റി വെക്കപ്പെട്ടതാണ്
ശബരിമലയിൽ കേടായ അരവണമൂലം ദേവസ്വം ബോർഡ് വലഞ്ഞു. ഇത് നശിപ്പിക്കാൻ ടെൻഡറുകളുടെ പരമ്പരയാണ് നടക്കുന്നത്. ഒന്നിലും ഫലം ഉണ്ടാവുന്നില്ലെന്നുമാത്രം. ഒന്നര വർഷമായി സന്നിധാനത്തെ വലിയൊരു ഹാളിൽ നിറയെ അട്ടിയിട്ടുവെച്ചിരിക്കുന്ന 6.65 ലക്ഷം ടിൻ അരവണയാണ് തലവേദനയായി മാറുന്നത്.
6.65 കോടി രൂപ വിലമതിക്കുന്ന ഇത് ഹൈക്കോടതിവിധിയെ തുടർന്ന് മാറ്റി വെക്കപ്പെട്ടതാണ്. അരവണ നിർമിക്കാൻ ഉപയോഗിച്ച ഏലയ്ക്കയിൽ കീടനാശിനി അംശം കണ്ടതായ ആരോപണമാണ് ഹൈക്കോടതി വിധിക്ക് അടിസ്ഥാനമായത്. എന്നാൽ കീടനാശിനി ഇല്ലെന്ന് സുപ്രീകോടതി വിധി വന്നപ്പോഴേക്കും വൈകിയിരുന്നു. ഈ അരവണ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് 2023 ജനുവരിയിൽ മാളികപ്പുറത്തിനടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. അന്നു മുതൽ ഇത് നശിപ്പിക്കാനുള്ള ചർച്ചകൾ നടന്നെങ്കിലും ഏറ്റെടുത്ത് നശിപ്പിക്കാനുള്ള താത്പര്യപത്രം വിളിച്ചത് ഒരു മാസംമുമ്പു മാത്രമാണ്.
ആദ്യ ടെൻഡറിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് മാത്രമാണ് പങ്കെടുത്തത്. ഒരാൾ മാത്രമുള്ളതിനാൽ ദേവസ്വത്തിൻറെ ലേലവ്യവസ്ഥപ്രകാരം ഒരിക്കൽകൂടി ടെൻഡർ വിളിക്കണം. രണ്ടാമത് വിളിച്ചപ്പോഴും ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്.അരവണ കേടായതിലൂടെ 6.65 കോടി നഷ്‌ടപ്പെട്ട ദേവസ്വത്തിന് വീണ്ടും രണ്ടുകോടി രൂപ കൂടി മുടക്കുന്നതിനോട് വിയോജിപ്പാണ്. അതിനാൽ രണ്ടാമത്തെ ടെൻഡറും നടന്നില്ല. ഇനി മൂന്നാമത് ഒരിക്കൽകൂടി ടെൻഡർ ഉടൻ വിളിക്കും. അതിലും പ്രയോജനം ഉണ്ടായില്ലെങ്കിൽ എന്തുചെയ്യുമെന്ന കാര്യത്തിൽ ബോർഡിനും വ്യക്തതയില്ല.
പരിചയ സമ്പന്നതയും സാങ്കേതികമായ വൈദഗ്‌ധ്യവും ഉണ്ടെങ്കിലേ ഇത് നശിപ്പിക്കാൻ കഴിയൂ എന്നതാണ് ബോർഡ് നേരിടുന്ന വെല്ലുവിളി.അടുത്ത സീസണിലേക്കുള്ള അരവണ നിർമാണം വൈകാതെ തുടങ്ങും.അത് ശേഖരിക്കാനുള്ള സ്ഥലമാണ് ഇപ്പോൾ കേടായ അരവണ ഇരിക്കുന്നതുമൂലം ഇല്ലാതായത്.കേടായവയിൽ പകുതിയെങ്കിലും കഴിഞ്ഞ വേനലിലെ കൊടുംചൂടിൽ പൊട്ടി ഒലിച്ചിട്ടുണ്ട്. ഇതിൻ്റെ ഗന്ധം ഈ ഭാഗത്ത് നന്നായി പരക്കുന്നുമുണ്ട്. കാറ്റടിച്ച് മണം കാട്ടിലേക്കും പോകും.
നട അടച്ചിട്ടിരിക്കുന്ന സമയത്ത് ഈ ഭാഗത്തേക്ക് മണം പിടിച്ച് ആനകൾ എത്താനുള്ള സാധ്യതയുണ്ട്. മൂന്നാമത്തെ ടെൻഡർ കൊണ്ടും ഫലംകണ്ടില്ലെങ്കിൽ ഐ.ഐ.ടി.പോലുള്ള സ്ഥാപനങ്ങളുടെ ഉപദേശത്തോടെ ദേവസ്വം നേരിട്ട്, കേടായ അരവണ നശിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.
No comments
Post a Comment