ആർടിഒയുടെ കസ്റ്റഡിയിലുള്ള കാർ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാർ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.
നിലവില്‍ യൂട്യൂബർക്കെതിരെ സ്വീകരിച്ച നടപടികള്‍ പോരെന്നും സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട് നല്‍കണമെന്നും ആർടിഒയ്‌ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ റിപ്പോർട്ട് ഇന്ന് നല്‍കിയത്. വിവാദത്തിലായതോടെ ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് ഇന്നലെ സഞ്ജു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടപടികള്‍ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും പത്ത് ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവർക്കും നന്ദിയുണ്ടെന്നായിരുന്നു വീഡിയോയില്‍ സഞ്ജു പറഞ്ഞിരുന്നത്.
കാറില്‍ സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി പൊതുനിരത്തില്‍ ഓടിച്ച സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നല്‍കി. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് ഇയാള്‍ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ ഇടപെട്ടത്.
No comments
Post a Comment