സെൽഫി എടുക്കുന്നതിനിടയിൽ മൊബൈൽഫോൺ കൊക്കയിൽ വീണു. അഗ്നിരക്ഷാസേനയെത്തി വീണ്ടെടുത്തുനൽകി. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റ്റിൽ സെൽഫിയെടുക്കുമ്പോഴാണ് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് കിടങ്ങൂർ സ്വദേശി ഹരികൃഷ്‌ണന്റെ ഫോൺ അബദ്ധത്തിൽ വീണത്.
ഫോൺ താഴെ കല്ലുകൾക്കിടയിൽ തട്ടിനിന്നത് രക്ഷയായി. എന്നാൽ, അത്രയും താഴെ ഇറങ്ങാൻ പറ്റില്ലായിരുന്നു. ഒന്നരലക്ഷത്തോളം രൂപയുടെ ഫോൺ ഉപേക്ഷിച്ചുപോകാനും ഹരികൃഷ്‌ണന് മനസ്സുവന്നില്ല. മൂലമറ്റത്ത് അഗ്നിരക്ഷാസേനയെ വിളിച്ചു.
സീനിയർ ഓഫീസർ അനൂപിൻ്റെ നേതൃത്വത്തിൽ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ച്‌ചയിൽ രണ്ട് കല്ലുകൾക്കിടയിലായിരുന്നു ഫോൺ. സേനാംഗം മനു ആന്റണി രണ്ട് വടങ്ങൾ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോൺ എടുത്തുകൊടുത്തു. വളരെ സാഹസികമായാണ് മനു ഫോൺ വീണ്ടെടുത്തത്. സഹപ്രവർത്തകർ ശ്വാസം അടക്കി വടത്തിൽ പിടിച്ചുനിന്ന് മനുവിനെ ഫോൺ എടുക്കാൻ സഹായിച്ചു.
എറണാകുളത്ത് വിദ്യാർഥിയായ ഹരികൃഷ്‌ണനും കൂട്ടുകാരും വാഗമൺ കാണാനെത്തിയതായിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് ഹരികൃഷ്‌ണനും കൂട്ടുകാരും മടങ്ങി. സേനാംഗങ്ങളായ എം.പി.ഷിജു, ബി.എച്ച്.അനീഷ്, ജി.പ്രദീപ്, എൻ.കെ.സതീഷ് കുമാർ എന്നിവരും ഫോൺ വീണ്ടെടുക്കാൻ എത്തിയിരുന്നു.
No comments
Post a Comment