BREAKING NEWS
latest

728x90

header-ad

468x60

header-ad

പുറമ്പോക്ക് അളക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും തർക്കം

 

ഏഴംകുളം - കൈപ്പട്ടൂർ റോഡിലെ പുറമ്പോക്ക് അളക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും തർക്കം. ജോർജ് ജോസഫിൻ്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം-കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്നു നേരത്തേ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ തന്റെ ഭൂമിയിൽ കയ്യേറ്റമില്ലെന്നും കോൺഗ്രസ് പാർട്ടി ഓഫിസിനായാണു സ്‌ഥലം കയ്യേറിയതെന്നും ജോർജ് ജോസഫ് പറഞ്ഞു.



റോഡിന്റെ ഇരുവശത്തെയും പുറമ്പോക്ക് അളക്കാൻ ഇന്നലെ രാവിലെ റവന്യൂ അധികൃതർ സ്‌ഥലത്തെത്തി. വാഴവിള പാലം ഭാഗത്ത് അവർ സ്‌ഥലം അളന്നു കൊണ്ടിരിക്കെയാണ് വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് തൻ്റെ കെട്ടിട സ്‌ഥലത്ത് എത്തിയത്. റോഡിനോടുചേർന്ന പുറമ്പോക്ക് ഭൂമി താൻ കയ്യേറിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാൻ വേണ്ടി മാധ്യമങ്ങൾക്കു മുന്നിൽ ജോർജ് ജോസഫ് ഭൂമി അളന്നു തുടങ്ങി. തുടർന്ന് ജോർജ് ജോസഫിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നിൽ അളക്കാൻ എത്തിയപ്പോഴാണ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത്. സംഭവം അറിഞ്ഞ് പൊലീസും സ്‌ഥലത്തെത്തി.



റോഡിന്റെ വശത്തുള്ള ഭൂമിയാണു താൻ അളന്നതെന്നും കോൺഗ്രസ് ഓഫിസിൻ്റെ ഭാഗം അളന്നിട്ടില്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി ഓഫിസിൻ്റെ സ്‌ഥലം അളക്കേണ്ടത് ജോർജ് ജോസഫ് അല്ലെന്നും റവന്യൂ ഉദ്യോഗസ്‌ഥർ വരാതെ അളക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു. 



ഇരുപക്ഷവും തമ്മിൽ വാക്കേറ്റം ഉണ്ടായി. കോൺഗ്രസ് ഓഫിസ് പുറമ്പോക്കിലല്ല നിൽക്കുന്നതെങ്കിൽ ഭൂമി അളക്കുമ്പോൾ എന്തിനു കോൺഗ്രസുകാർ ഭയക്കുന്നതെന്നും തന്റെ ഭൂമി ആരും അളക്കുന്നതിന് എതിരല്ലെന്നും തൻ്റെ ഭൂമിയിൽ 3 മീറ്ററോളം അധികം സ്‌ഥലം റോഡിനായി വിട്ടുകൊടുത്തിട്ടുണ്ടെന്നും നീതിക്കായി കോടതിയെ സമീക്കുമെന്നും ജോർജ് ജോസഫ് പറഞ്ഞു. കോൺഗ്രസ് ഓഫിസിനു മുന്നിൽ 23.7 മീറ്ററാണ് ഭൂമിയുടെ വീതി വേണ്ടത്. നിലവിൽ 15.5 മീറ്റർ മാത്രമേയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു.



അതേസമയം കോൺഗ്രസ് പാർട്ടി ഓഫിസ് സ്ഥലം അളക്കാൻ മന്ത്രിയുടെ ഭർത്താവിന് എന്ത് അധികാരമെന്നും റവന്യൂ ഉദ്യോഗസ്ഥർ അളന്ന് പുറമ്പോക്ക് സ്ഥലം ഉണ്ടെങ്കിൽ അവർക്ക് നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്‌ഥരെ മാത്രമേ അളക്കാൻ അനുവദിക്കൂവെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പഴംകുളം മധു ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി. ഇനിയും റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ സ്‌ഥലം അളന്നു തിട്ടപ്പെടുത്തിയാൽ മാത്രമേ സംഭവത്തിന്റെ നിജസ്‌ഥിതി അറിയാൻ കഴിയൂ.



കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്കിലാണെന്ന് കാണിച്ച് ജോർജ് ജോസഫ് കലക്‌ടർക്ക് പരാതി നൽകി. ജോർജ് ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടം പുറമ്പോക്കിലാണെന്നും സിപിഎം നേതാക്കളുടെ പല കെട്ടിടങ്ങളും സ്‌ഥലം കയ്യേറി നിർമിച്ചതാണെന്നും സിപിഎം പാർട്ടി ഓഫിസ് പോലും പുറമ്പോക്കിലാണെന്നും കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചു.



« PREV
NEXT »

Facebook Comments APPID