കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിൻ്റെ പേരിൽ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ വ്യക്തമാക്കി. . ഇടതു വലതു മുന്നണികൾ അതിരുവിട്ട മുസ്ളിം പ്രീണനം നടത്തുകയാണെന്ന വിമർശനവും വെളളാപ്പളളി എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിൻ്റെ എഡിറ്റോറിയലിൽ ആവർത്തിച്ചു. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്‌ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തിൽ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇടത് വലത് മുന്നണികൾക്കെതിരെ തിരിഞ്ഞ വെള്ളാപ്പളളി നിലപാട് കടുപ്പിക്കുകയാണ് യോഗനാദത്തിൻ്റെ ഏറ്റവും പുതിയ ലക്കത്തിൻ്റെ മുഖപ്രസംഗത്തിൽ. ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എൽഡിഎഫും യുഡിഎഫും രണ്ടു മുസ്ളിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിർദേശം ചെയ്ത കാര്യം താൻ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തിൽ വെളളാപ്പളളി പറയുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികൾക്ക് ധൈര്യമില്ലെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ വിമർശനം.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സി.പി.എമ്മും സി.പി.ഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞ മുസ്ളിം നേതാക്കൾ സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.
തന്നെ ക്രൂശിക്കാൻ വരുന്നവർ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങിനെയെന്ന് കാണണം. ഇരുമുന്നണികളുടെയും മുസ്ളിം പ്രീണനവും മുസ്ളിം ലീഗിൻ്റെയും കുറേ മുസ്ളിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്‌തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെള്ളാപ്പളളിയുടെ നിരീക്ഷണം.
മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്ളിം ലീഗിൻന്റെയും മുസ്ളിം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും ലേഖനത്തിൽ എസ്എൻഡിപി യോഗം നേതാവ് ആവശ്യപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വം വ്യക്തമാകാൻ സാമ്പത്തിക സർവേ നടത്തണമെന്ന ആവശ്യം കൂടി മുന്നോട്ടു വച്ചാണ് വെളളാപ്പള്ളി ലേഖനം അവസാനിപ്പിക്കുന്നത്.
No comments
Post a Comment