തൻ്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താൻ എംഎൽഎ ആകുന്നതിന് എത്രയോ വർഷം മുൻപ് ഉണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെൻ്റ് സ്‌ഥലമെന്നും, കെട്ടിടം വച്ചത് 1.89 കോടിരൂപ ബാങ്ക് ലോണെടുത്താണെന്നും മന്ത്രി സമുഹമാധ്യമത്തിൽ വ്യക്തമാക്കി.
റോഡിന്റെ ഈ ഭാഗത്തുള്ള മുഴുവൻ പുറമ്പോക്കും അളന്ന് ഒഴിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ ഭാഗത്തുള്ള വസ്‌തുക്കളെല്ലാം അളന്ന് പുറമ്പോക്ക് ഉണ്ടെങ്കിൽ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം. ഭർത്താവ് ജോർജ് ജോസഫ് ഇതിനായി ജില്ലാ കലക്‌ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഭർത്താവിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ടാറിങ്ങിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. താൻ മന്ത്രിയാകുന്നതിനു മുൻപ് 2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. ഈ പറയുന്ന ഭാഗത്ത് റോഡിൻ്റെ വീതി 17 മീറ്ററാണ്. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല.
റോഡ് നിർമാണം നടക്കുന്നത് കിഫ്ബി 2020ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ, നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. അവിടെയാണ് ഇന്നലെ കോൺഗ്രസുകാർ കൊടി കുത്തിയത്. ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫിസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്ററാണ്. അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളതെന്നും മന്ത്രി ആരോപിച്ചു.
No comments
Post a Comment