രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്.
പോസ്റ്റൽ വോട്ടുകൾ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവർഷം ആര് ഭരിക്കമെന്ന് മണിക്കൂറുകൾക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് രാജ്യമാകെ വോട്ടെണ്ണൽ നടക്കുന്നത്.
നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. സംസ്ഥാനത്ത് പോളിംഗ് കഴിഞ്ഞ് 39 ആം ദിവസമാണ് വോട്ടെണ്ണൽ നടക്കുന്നത്. 20 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്.
വോട്ടെണ്ണൽ ഇങ്ങനെ:
. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്‌റ്റൽ ബാലറ്റുകളാണ്. പോസ്‌റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കുറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക.
. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഒരു കൗണ്ടിങ് അസിസ്‌റ്റൻ്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും.
. മൂന്ന് ഘട്ട റാൻഡമൈസേഷൻ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്‌ഥരെ നിയോഗിക്കുന്നത്. വോട്ടെണ്ണൽ ദിനം പുലർച്ചെ 5 മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാൻഡമൈസേഷനിലാണ് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക.
. വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്ട്രോങ് റൂമുകൾ ഉദ്യോഗസ്‌ഥരുടെയും പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറക്കും.
No comments
Post a Comment