കോട്ടയം ജില്ലയിലെ പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണ് ജൂണ്‍ 17 ന് ജിജു കുര്യന്‍ ഡീസല്‍ അടിച്ചത്.
36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ തന്നെ പല തവണ ബീപ് ശബ്ദം കേട്ടിരുന്നു. ഇതിനൊപ്പം സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തിരുന്നു എന്നും ജിജു കുര്യന്‍ പറയുന്നു. ഉടന്‍ തന്നെ ജിജു കുര്യന്‍ തന്റെ കാര്‍ കമ്പനിയുടെ കോട്ടയത്തെ വര്‍ക്ഷോപ്പില്‍ എത്തിച്ച് പരിശോധിച്ചു. അപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത് എന്നാണ് ജിജു പറയുന്നത്.
ഇതോടെ ജിജു തന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ജയിംസ് വടക്കനോട് കാര്യം പറഞ്ഞു. ബി ജെ പി മുന്‍ വക്താവ് പി ആര്‍ ശിവശങ്കറിന്റെ സഹായത്തോടെ ജിജു മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ ഉടന്‍ ഇടപെട്ട സുരേഷ് ഗോപി 48 മണിക്കൂറിനകം സംഭവത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ഇതോടെ ജിജു കുര്യന് ഡീസലിന് ചെലവായ പണവും കാറിന്റെ അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് പമ്പുടമ, ജിജു കുര്യന് നല്‍കിയത്. പമ്പിലെ ഡീസലിന്റെ വില്‍പ്പന ഐ ഒ സി അധികൃതര്‍ എത്തി തടയുകയും ചെയ്തിട്ടുണ്ട്. മിക്ക പെട്രോള്‍ പമ്പുകള്‍ക്കെതിരേയും ഉയരുന്ന പരാതികളിലൊന്നാണ് ഇന്ധനത്തില്‍ മായം കലര്‍ത്തുന്നത്.
No comments
Post a Comment