BREAKING NEWS
latest

728x90

header-ad

468x60

header-ad

മണ്ണെണ്ണ വിതരണം ഇനി പഞ്ചായത്തിലെ രണ്ട് കടകളിൽ നിന്ന് മാത്രം.

സംസ്ഥാനത്തെ റേഷൻ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയില്‍ നിന്ന് മാത്രമേ ഇനി മണ്ണെണ്ണ വിതരണം ചെയ്യൂ.

ഇത് സംബന്ധിച്ച്‌ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. റേഷൻ കടകളെ നശിപ്പിക്കാനുള്ള തീരുമാനമാണെന്ന് ആരോപിച്ച്‌ മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി.
മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകള്‍ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. ഇതാണ് റേഷൻ വ്യാപാരികളുടെ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. റേഷൻ വിതരണത്തെ മൊത്തത്തില്‍ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികള്‍ ആരോപിക്കുന്നു. ഉത്തരവ് റേഷൻ വ്യാപാര മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ റേഷൻ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷൻ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെച്ചു.
പൊതുവിതരണ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനമായതിനാല്‍ നടപ്പിലാക്കാൻ കഴിയില്ല എന്ന് വ്യാപാരികള്‍ നിലപാട് എടുത്തിട്ടുണ്ട്. റേഷൻ വ്യാപാരികളുമായി കൂടിയാലോചിച്ച്‌ ബദല്‍ മാർഗങ്ങള്‍ കണ്ടെത്തുന്നതിന് സഹകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ് റേഷൻ വ്യാപാരികള്‍. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ - പിങ്ക് കാർഡ് ഉടമകള്‍ക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളില്‍നിന്ന് വാങ്ങാം. നിലവിലെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മണ്ണെണ്ണ വിതരണം സംസ്ഥാന വ്യാപകമായി ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതി വ്യക്തമാക്കി. സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ എഐടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്. റേഷൻ കടകളെ രണ്ടു തട്ടില്‍ ആക്കുന്നതാണ് ഈ ഉത്തരവ് എന്ന് എഐടിയുസി ആരോപിക്കുന്നു. കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതത്തില്‍ വരുത്തിയ കുറവ് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
« PREV
NEXT »

Facebook Comments APPID