നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ പ്രതികരണവുമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പരോക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിർഷയുടെ പ്രതികരണം. 'സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം' എന്ന് നാദിർഷ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ ഞാൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.
No comments
Post a Comment