ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി കൊടുത്തപ്പോൾ കേരളം എന്ന വാക്ക് ഉച്ചരിക്കാൻ പോലും ധനമന്ത്രി തയാറാകാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ അസ്‌ഥിരത പരിഹരിക്കാനും അധികാരം നിലനിർത്താനുമുള്ള ഡോക്യുമെൻ്റാക്കി മോദി സർക്കാർ ബജറ്റിനെ മാറ്റിയെന്നും ബജറ്റിൽ ദേശീയ കാഴ്‌ചപ്പാടല്ല സങ്കുചിത രാഷ്ട്രീയം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഇന്ത്യ എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ കേന്ദ്ര സർക്കാരിന്റെ നിലനിൽപ് മാത്രം അടിസ്‌ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിൻ്റെ പൊതുസ്വഭാവം ഇല്ലാതാക്കി. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്‌ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേർതിരിവ് ബജറ്റ് പ്രസംഗത്തിൽ ഉണ്ടായത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റിട്ടും സാധാരണക്കാരെ മറന്നുകൊണ്ട് കോർപറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സർക്കാരും പിന്തുടരുന്നതെന്ന് ഈ ബജറ്റിലൂടെ വ്യക്‌തമായി. കോർപറേറ്റ് നികുതി കുറച്ചത് ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
നികുതിദായകർക്ക് ഇളവുകൾ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമിൽ പേരിനു മാത്രമുള്ള ഇളവുകളാണ് നൽകിയത്. ഭവന വായ്‌പയുള്ള ആദയ നികുതിദായകർക്ക് യാതൊരു പ്രയോജനവുമില്ല. കാർഷിക കടം എഴുതിത്തള്ളണമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ല. കോൺഗ്രസ് പ്രകടനപത്രികയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവാക്കൾക്കുള്ള അപ്രൻ്റീസ്‌ഷിപ്പ് പ്രോഗ്രാം അതിൽ നിന്നും കടമെടുത്തത്.
കാർഷിക, തൊഴിൽ, തീരദേശ മേഖലകൾ ഉൾപ്പെടെ കേരളത്തെ പൂർണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജിൽ കേരളത്തിന്റെ പേരില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്‌ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വർധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തിൽനിന്നും ബിജെപി എം.പിയെ വിജയിപ്പിച്ചാൽ സംസ്‌ഥാനത്തെ കൂടുതൽ പരിഗണിക്കുമെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നെന്നും സതീശൻ പറഞ്ഞു.
No comments
Post a Comment